| Friday, 3rd March 2023, 9:00 am

കൈലാസ പ്രതിനിധിയുടെ സന്ദര്‍ശനം അപ്രസക്തം, ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കും: ഐക്യരാഷ്ട്ര സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസക്ക് (യു.എസ്.കെ) അംഗീകാരം നല്‍കിയെന്ന വാര്‍ത്തകളെ തള്ളി ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 19ന് നടന്ന യു.എന്‍ യോഗത്തില്‍ മാ വിജയപ്രിയ നിത്യാനന്ദ യു.എസ്.കെ പ്രതിനിധിയായി പങ്കെടുക്കുന്ന വീഡിയോ യു.എന്‍ തന്നെ പുറത്ത് വിട്ടിരുന്നു. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വലിയ ചര്‍ച്ചയക്ക് തുടക്കമിട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് യു.എന്‍ മനുഷ്യാവകാശ സമിതി നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. കൈലാസ പ്രതിനിധിയുടെ സന്ദര്‍ശനം അപ്രസക്തമാണെന്ന് പറഞ്ഞ യു.എന്‍ ഔദ്യോഗിക രേഖകളില്‍ നിന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നീക്കുമെന്നും അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

‘ജനീവയില്‍ ചേര്‍ന്ന രണ്ട് യോഗങ്ങളില്‍ അവര്‍ പങ്കെടുത്തതായാണ് വിവരം. യു.എന്നിന്റെ സി.ഇ.ഡി.എ.ഡബ്ല്യു( സ്ത്രീകളോടുളള വിവേചനത്തിനെതിരെയുള്ള കമ്മിറ്റി) കമ്മിറ്റിയും സാമ്പത്തിക സാമൂഹിക കമ്മിറ്റിയും സംഘടിപ്പിച്ച ചര്‍ച്ചകളിലാണ് കൈലാസ പ്രതിനിധി പങ്കെടുത്തത്. ഇവ രണ്ടും ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാവുന്ന പൊതുചര്‍ച്ചകളാണ്.

കൈലാസ പ്രതിനിധി ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്. അതിനാല്‍ അവരുന്നയിച്ച നിര്‍ദേശങ്ങള്‍ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടണ്ട്,’ യു.എന്‍ പ്രതിനിധി ബി.ബി.സിക്ക് അയച്ച മെയിലില്‍ പറഞ്ഞു.

ബലാത്സംഗക്കേസില്‍ രാജ്യം വിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ ‘കൈലാസയെന്ന’ സ്വന്തം രാജ്യം പ്രഖ്യാപിച്ചതായി 2019ലാണ് വാര്‍ത്തകള്‍ വന്നത്. കൈലാസയെ ഹിന്ദുത്വത്തിന്റെ പ്രഥമ പരമാധികാര രാഷ്ട്രമെന്നാണ് യു.എന്‍ യോഗത്തില്‍ കൈലാസ പ്രതിനിധി വിശേഷിപ്പിച്ചത്.

കൂട്ടത്തില്‍ അന്താരാഷ്ട്ര വേദികളില്‍ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും 150 രാജ്യങ്ങളില്‍ കൈലാസ എംബസികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

പുതിയ രാജ്യം സ്ഥാപിച്ചതിന് പിന്നാലെ തന്റെ രാജ്യത്തിന് സ്വന്തമായി റിസര്‍വ് ബാങ്കും സ്വര്‍ണത്തില്‍ നിര്‍മിച്ച നോട്ടുകളുമുണ്ടെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു.

കൈലാസിയന്‍ ഡോളര്‍ എന്നറിയപ്പെടുന്ന കറന്‍സിയില്‍ 11.6ഗ്രാം സ്വര്‍ണമുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് യാതൊരു തരത്തിലുമുള്ള ഔദ്യോഗിക വിശദീകരണങ്ങളും പുറത്ത് വന്നിട്ടില്ല.

Content Highlight: U.N denied kailasa represent in U.N meetting

We use cookies to give you the best possible experience. Learn more