ഫലസ്തീന്‍ ജനതയെ ഹുവാരയില്‍ നിന്ന് കുടിയൊഴിപ്പിക്കുമെന്ന് ഇസ്രഈല്‍; അപലപിച്ച് യു.എന്‍
World News
ഫലസ്തീന്‍ ജനതയെ ഹുവാരയില്‍ നിന്ന് കുടിയൊഴിപ്പിക്കുമെന്ന് ഇസ്രഈല്‍; അപലപിച്ച് യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th March 2023, 2:18 pm

റാമല്ല: വെസ്റ്റ്ബാങ്കിലെ ഹുവാര നഗരത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന ഇസ്രഈല്‍ ധനകാര്യ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ വോള്‍ക്കര്‍ തുര്‍ക്കാണ് ഇസ്രഈലിലെ തീവ്ര വലതുപക്ഷ നേതാവും ധനകാര്യ മന്ത്രിയുമായ ബെസല്‍ സ്‌മോട്രിച്ചിന്റെ വിവാദ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇസ്രാഈല്‍ നടപടിയെ അതിക്രമമെന്ന് വിശേഷിപ്പിച്ച യു.എന്‍ പ്രതിനിധി, നഗരത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ദുരന്ത സമാനമായ സാഹചര്യമാണ് അധിനിവേശ

വെസ്റ്റ് ബാങ്കില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. മുഴുവന്‍ ഫലസ്തീനികള്‍ക്ക് മേലുള്ള അക്രമമായാണ് യു.എന്‍ വിഷയത്തെ കാണുന്നത്.

എനിക്ക് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇസ്രഈല്‍ സുരക്ഷാ സേന തുടര്‍ച്ചയായ അതിക്രമങ്ങള്‍ നടത്തിയതായി തെളിവുകളുണ്ട്.

ഐ.എസ്.എഫ്(ഇസ്രഈല്‍ സെക്യൂരിറ്റി ഫോഴ്‌സ്)ന്റെ നേതൃത്വത്തില്‍ നിയമപരമല്ലാത്ത കൊലകളും ഹുവാര നഗരത്തില്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 134 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇരുപക്ഷത്തും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയൊരവസ്ഥ മാറേണ്ടതുണ്ട്. ജനങ്ങളുടെ ജീവിതമാണ് എല്ലാത്തിനേക്കാളും പ്രധാനപ്പെട്ടത്,’ വോള്‍ക്കര്‍ തുര്‍ക്ക് പറഞ്ഞു.

കഴിഞ്ഞ മാസം ഹുവാര നഗരത്തില്‍ രണ്ട് ഇസ്രഈലി പൗരന്മാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആക്രമണമാണ് മേഖലയിലാകെ പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 390 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. കൂട്ടത്തില്‍ നിരവധി കാറുകളും വീടുകളും അഗ്നിക്കിരയാവുകയും ചെയ്തു.

ഇസ്രഈല്‍ പൗരന്മാരുടെ കൊലപാതകത്തിനെതിരെ വലിയ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ഹുവാര നഗരത്തില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ആവശ്യവുമായി ധനകാര്യ മന്ത്രി ബെസല്‍ സ്‌മോട്രിച്ച് പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സമീപിച്ചത്.

Content Highlight: U.N condemned Israel decision to wipe out huwara city