| Wednesday, 15th March 2023, 9:43 am

ഇന്ന് ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം; മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാനൊരുങ്ങി യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലോകം ഇന്ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കും. മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയാണ് മാര്‍ച്ച് 15ന് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും. സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങള്‍, മത വൈവിധ്യങ്ങള്‍ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സംവാദങ്ങള്‍ സംഘടിപ്പിക്കാനും യു.എന്‍ തീരുമാനിച്ചിട്ടുണ്ട്.

ലോകത്താകമാനമുള്ള മുസ്‌ലിങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമാനതകളില്ലാത്ത വിധം വര്‍ധിച്ചുവെന്ന് പ്രമേയ അവതരണത്തിനിടെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. വിശ്വാസത്തിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ മുന്‍വിധിക്കിരയാവുന്നുണ്ടന്നും മുസ്‌ലിം സ്ത്രീകള്‍ മൂന്നിരട്ടി വിവേചനം നേരിടുന്നുണ്ടെന്നും ഈ സ്ഥിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ലോകത്താകമാനം രണ്ട് ബില്യണിലധികം മുസ്ലിങ്ങളുണ്ട്. അവരില്‍ ബഹുഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും വിശ്വാസത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ക്കും മാറ്റി നിര്‍ത്തലിനും വിധേയരാവുന്നുണ്ടെന്നും മുസ്ലിം സ്ത്രീകളാണെങ്കില്‍ അവരുടെ ലിംഗം, വംശം, വിശ്വാസം എന്നിവയില്‍ മൂന്നിരട്ടി വിവേചനമാണ് അനുഭവിക്കുന്നതെന്നും യു.എന്‍ പൊതുസഭയെ അഭിമുഖീകരിച്ച്് ഗുട്ടറസ് പറഞ്ഞത്.

ഭീകരതയെയും തീവ്രവാദത്തെയും ഏതെങ്കിലും മതം, ദേശീയത, വംശം എന്നിവയുമായി കൂട്ടിക്കെട്ടാനാകില്ലെന്ന് യു.എന്‍ പ്രമേയത്തില്‍ പറയുന്നു. മുസ്‌ലിങ്ങള്‍ക്കെതിരായ വിവേചനവും വെറുപ്പും പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മാത്രമല്ല അവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ സൗകര്യങ്ങളും സേവനങ്ങളും നേടുന്നതിലും ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലും തൊഴില്‍ നേടുന്നതിലും വിദ്യാഭ്യാസ മേഖലയിലും വിവേചനം നേരിടുന്നുണ്ടെന്നും പ്രമേയത്തിലുണ്ട്. ദേശീയ സുരക്ഷയുടെ പേരില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതും സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്നു.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ 51 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന മാര്‍ച്ച് 15ന് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ മക്കയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഇസ്‌ലാമിക ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ യു.എന്നില്‍ ഇതിനായി പ്രമേയം അവതരിപ്പിച്ചു.

വോട്ടിനെത്തിയ പ്രമേയത്തെ ഐകകണ്‌ഠേനയാണ് ജനറല്‍ അസംബ്ലി പാസാക്കിയത്. ഇന്ത്യയും ഫ്രാന്‍സുമടങ്ങുന്ന രാഷ്ട്രങ്ങള്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2022 മാര്‍ച്ചിലാണ് യു.എന്നില്‍ പ്രമേയം ചര്‍ച്ചക്കെത്തിയത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന് വേണ്ടി പാകിസ്ഥാനാണ് യു.എന്നില്‍ ഇതിനായി പ്രത്യേക പ്രമേയം അവതരിപ്പിച്ചത്. തുര്‍ക്കിയടക്കം 60 ഒ.ഐ.സി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചതോടെയാണ് യു.എന്‍ പൊതസഭ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറായത്.

Content Highlight: U.N Celebrating first ever anti islamophobia day

Latest Stories

We use cookies to give you the best possible experience. Learn more