| Tuesday, 7th August 2018, 10:08 am

ലണ്ടനിലെ ഖാലിസ്ഥാന്‍ അനുകൂല റാലിക്ക് പിന്തുണയുമായി ഗ്രീന്‍പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സ്വതന്ത്ര സിഖ് രാജ്യം ആവശ്യപ്പെട്ട് ലണ്ടനില്‍ നടത്തുന്ന ഖലിസ്ഥാന്‍ റാലിക്ക് പിന്തുണയുമായി ബ്രിട്ടനിലെ ഗ്രീന്‍പാര്‍ട്ടി. “ലണ്ടന്‍ ഡിക്ലറേഷന്‍” എന്ന് വിളിക്കപ്പെടുന്ന സമരത്തിന് പിന്തുണ നല്‍കുകയാണെന്ന് പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായ കരോലിന്‍ ലൂക്കാസ് പറഞ്ഞു.

“വിവേചനത്തിനെതിരെ പോരാടുകയും ജനഹിത പരിശോധനയ്ക്കായി പ്രചാരണം നടത്തുകയും ചെയ്യുന്ന ലോകത്ത് എല്ലായിടത്തുമുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഒരു സ്വതന്ത്ര പഞ്ചാബി സ്റ്റേറ്റ് വേണമോ എന്നത് സംബന്ധിച്ച് സിഖുകാര്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്.” കരോലിന്‍ ലൂക്കാസ് പറഞ്ഞു.

ആഗസ്റ്റ് 12ന് ഉച്ചയ്ക്ക് ശേഷം നടക്കാനിരിക്കുന്ന റാലി ഇന്ത്യയ്ക്കും ബ്രിട്ടനുമിടയില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പ്രതിഷേധം സമാധാനപരമാണെന്നും നിയമപരമാണെന്നും അക്രമങ്ങളില്ലാതെ തുടരുന്നിടത്തോളം പ്രക്ഷോഭം നിരോധിക്കാനുള്ള പദ്ധതിയില്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട്.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) ന്റെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്. 2020ല്‍ റഫറണ്ടം നടത്താനുള്ള പദ്ധതിയെ കുറിച്ച് സിഖുകാര്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണ് റാലിയെന്നും “ബ്രിട്ടന്‍ ഡിക്ലറേഷനെ” പിന്തുണയ്ക്കാനും ഇന്ത്യയുടെ ഇടപെടലിനെ എതിര്‍ക്കാനും ആവശ്യപ്പെട്ട് ബ്രിട്ടീഷ് എം.പിമാര്‍ക്ക് കത്തെഴുതിയിരുന്നെന്നും എസ്.എഫ്.ജെ പറഞ്ഞിരുന്നു.

റാലിയെ പരസ്യമായി പിന്തുണച്ച് വന്ന ആദ്യ എം.പിയാണ് ലൂകാസ്.

തങ്ങളുടെ “റഫറണ്ടം 2020” ലോകമെമ്പാടുമുള്ള 30 മില്യണ്‍ സിഖുകളെ ഒന്നിപ്പിക്കുന്ന ആദ്യത്തെ ജനഹിതപരിശോധനയാണെന്നാണ് സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ അവകാശവാദം. “യു.എന്‍. ചാര്‍ട്ടറും മറ്റ് അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും പ്രകാരമുള്ള അവകാശങ്ങളാണ് ലണ്ടന്‍ ഡിക്ലറേഷന്‍ വഴി ഞങ്ങള്‍ നടപ്പില്‍ വരുത്തുന്നത്” സിഖ്സ് ഫോര്‍ ജസ്റ്റിസ് പറയുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടടുപ്പിച്ചുള്ള ദിവസമാണ് റാലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more