യു.ഡി.എഫ് നിയമസഭയെ ഒളിത്താവളമാക്കുന്നു: വി.എസ് അച്യുതാനന്ദന്‍
Kerala
യു.ഡി.എഫ് നിയമസഭയെ ഒളിത്താവളമാക്കുന്നു: വി.എസ് അച്യുതാനന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2012, 12:21 pm

തിരുവനന്തുപുരം: അരീക്കോട് ഇരട്ടക്കൊലപാതകക്കേസിലെ ആറാം പ്രതിയായ പി.കെ ബഷീര്‍ എം.എല്‍.എയെ   നിയമസഭയില്‍ ഇരുത്തി യു.ഡി.എഫ് സര്‍ക്കാര്‍ സഭയെ ഒളിത്താവളമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇന്ന് അധികാരത്തില്‍ തുടരുന്നത് ലീഗിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്നും വി.എസ് കുറ്റപ്പെടുത്തി.” മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ പോകുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്.

കേരള അസംബ്ലിയെ ഒരു ഒളിത്താവളമാക്കി ഒരു പ്രതിയെ സംരക്ഷിക്കുകയാണ്. അതിന് ഞങ്ങള്‍ അനുവദിക്കില്ല. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ലീഗിന്റെ ഭീഷണിക്ക് വിധേയമായാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങി ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടി ഗതികേടിലാണ് ഉമ്മന്‍ചാണ്ടി.

പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഞങ്ങള്‍ മുന്നോട്ട് വെച്ചപ്പോള്‍ എഫ്.ഐ.ആറില്‍ പേര് വന്നാലുടന്‍ അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ലെന്നും അങ്ങനെയാണെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് അഞ്ചേരി ബേബി വധക്കേസില്‍ കെ.കെ.ജയചന്ദ്രനെയാണെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ജയചന്ദ്രനെ ഈ കേസിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഇല്ല.

പി.കെ.ജയചന്ദ്രന്‍ പ്രതിയായതിനുശേഷം നിയമസഭയിലെത്തിയിട്ടില്ലെന്നാണ് അറിവ്. അഥവാ വരികയാണെങ്കില്‍ പോയി ജാമ്യമെടുത്തുവരാന്‍ പറയും. അല്ലാതെ പി.കെ.ജയചന്ദ്രന് ഉമ്മന്‍ ചാണ്ടിയുടെ സൗജന്യം ആവശ്യമില്ല. അത്തരത്തില്‍ ഒരുകേസില്‍ പെട്ട ആളെയും എല്‍.ഡി.എഫ് വെച്ചുപൊറുപ്പിക്കില്ല.

അരീക്കോട് കൊലപാതകം നടന്ന് പിറ്റേ ദിവസം തന്നെ പോലീസ് എഫ്.ഐ.ആര്‍. എഴുതി. അതില്‍ ആറാം പ്രതിയാണ് ബഷീര്‍. അതുകൊണ്ട് തന്നെ ബഷീറിനെ എവിടെയും വെച്ച് പോലീസിന് അറസ്റ്റ് ചെയ്യാം. എന്നാല്‍ പോലീസിന് കയറി അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥലമാണ് നിയമസഭ. അതുമാത്രമല്ല. ഇന്നലെ മുതല്‍ ബഷീറിന് എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഇതെല്ലാമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ എവിടെയെങ്കിലുമുണ്ടോ കുറ്റവാളിയായ ഒരാളെ നിയമസഭയില്‍ കയറ്റുന്ന രീതി. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഗുണം കൊണ്ട് കേരള നിയമസഭയില്‍ അതും സംഭവിച്ചു. കുനിയില്‍ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് ഗോപിനാഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. “- വി.എസ് കൂട്ടിച്ചേര്‍ത്തു.