| Saturday, 16th June 2012, 11:35 am

തിരുവനന്തപുരം മാലിന്യപ്രശ്‌നം: കൗണ്‍സിലര്‍മാരും ഇടതുസംഘടനാ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നത്തില്‍ പ്രതിഷേധിച്ച് നഗരസഭയ്ക്ക് മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംഘടിപ്പിച്ച ഉപരോധത്തിനിടെ സംഘര്‍ഷം. ഇടത് സംഘടനാ ജീവനക്കാരും കൗണ്‍സിലര്‍മാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

രാവിലെ ഒന്‍പത് മണിയോടെ തുടങ്ങിയ ഉപരോധം അവസാനിപ്പിച്ച് കൗണ്‍സിലര്‍മാര്‍ മടങ്ങാന്‍ ഒരുങ്ങവേയാണ് ഇടത്‌ ജീവനക്കാര്‍ മുദ്രാവാക്യം വിളികളോടെ നഗരസഭയിലേക്ക് ഇരച്ചുകയറിയത്. ഇതിനിടെ ജീവനക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു ഉന്തും തള്ളുമുണ്ടായത്.

നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ മേയര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രാവിലെ നഗരസഭാ കവാടം ഉപരോധിച്ചത്. ഇതിനിടെ ഇടത് ജീവനക്കാരുടെ സംഘടനയും പ്രതിഷേധവുമായി എത്തുകയായിരുന്നു.

പോലീസ് ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. എന്നാല്‍ തങ്ങളെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാക്കിയ മൂന്നു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

മാലിന്യനീക്കം വീണ്ടും രൂക്ഷമായ സ്ഥിതിയിലായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ നഗരസഭാ മന്ദിരത്തിന്റെ ഇരുകവാടവും അടച്ച് പ്രതിഷേധിച്ചത്.

നഗരത്തില്‍ മാലിന്യ നീക്കം വീണ്ടും തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നം വീണ്ടും രൂക്ഷമായിരിക്കുകയാണ്. നീണ്ട നാളത്തെ അനിശ്ചിതത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം കൊച്ചുവേളിയിലേക്ക് മാലിന്യം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇതു വീണ്ടും തടസ്സപ്പെട്ടതോടെ സ്ഥിതി വീണ്ടും വഷളായി മാറി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ തീരുമാന വിശദീകരണത്തിനിടയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നടപടി എത്രയും രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more