കോഴിക്കോട്: പുതിയ സാമൂഹിക വ്യവസ്ഥയില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറെയാണെന്ന് എഴുത്തുകാരന്‍ യു.എ ഖാദര്‍. ഇടതുപക്ഷത്തു നില്‍ക്കുന്ന കലാകാരന്മാര്‍ക്കേ മനുഷ്യപുരോഗതിയെക്കുറിച്ചും മനുഷ്യനന്മയെക്കുറിച്ചും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ആഴ്ചപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യപക്ഷത്തേക്ക് എന്നു പറഞ്ഞുകൊണ്ടാണ് ഇടതുപക്ഷം എന്നതിനെ അദ്ദേഹം വിശദീകരിക്കുന്നത്. ” ഇടതുപക്ഷത്തേക്ക് എന്നു പറയുന്നത് മനുഷ്യപക്ഷത്തേക്ക് എന്നാണെന്ന് ഞാന്‍ പറയും. മനുഷ്യന്റെ ജീവിത വേദനകള്‍ മനുഷ്യന്റെ ജീവിതത്തിലെ നിലപാടുകള്‍ എല്ലാം ഇടതുപക്ഷത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.” അദ്ദേഹം പറയുന്നു.
ഏതെഴുത്തുകാരനും രാഷ്ട്രീയ നിലപാടുകളുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം കലാകാരന്മാര്‍ നിശ്ചയമായും ഇടതുപക്ഷത്ത് നില്‍ക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. “നവോത്ഥാന കലാരംഗത്ത് സര്‍വതോന്മുഖമായ ഉയര്‍ച്ചയ്ക്ക് ഊര്‍ജമായതും ആവേശമായതും ഇടതുപക്ഷമാണ്. അപ്പോള്‍ നിശ്ചയമായും കലാകാരന്മാര്‍ ഇടതുപക്ഷത്ത് നില്‍ക്കേണ്ടതാണ്. അവര്‍ക്കേ മനുഷ്യപുരോഗതിയെക്കുറിച്ച് മനുഷ്യനന്മയെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഒരു ഉച്ചസ്ഥായിയില്‍ പറയുമ്പോള്‍ എഴുത്തുകാരന് രാഷ്ട്രീയമുണ്ടെങ്കില്‍ അത് ഇടതുപക്ഷ പ്രസ്ഥാനത്തിന് അനുകൂലമായി അനുഗുണമായിത്തീരേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.
അധികാരത്തിലിരിക്കുന്ന ശക്തികള്‍ സര്‍ഗപ്രചാരണത്തിനുവേണ്ടിയോ മനുഷ്യനെ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടിയോ നിലപാടെടുക്കുമ്പോള്‍ അതിനെതിരായി ശബ്ദിക്കുന്ന തൂലികകളെ നിശബ്ദമാക്കുന്നത് ഫാസിസ്റ്റ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ഹിറ്റലറുടെ കാലം മുതലുണ്ട്. ജാതിമത തരംതിരിവുകളിലൂടെ മനുഷ്യനന്മയെ ഇല്ലാതാക്കുന്ന സ്വച്ഛാധിപതികളുടെ ഉദ്ദേശ്യം എല്ലാ നന്മകളെയും ഉന്മൂലനം ചെയ്യുകയെന്നതാണ്.ഇന്ത്യയിലെ പല എഴുത്തുകാരുടെയും ചിന്തകരുടെയും വഴി തടഞ്ഞത് ഇത്തരം സ്വേച്ഛാധിപത്യ ശക്തികളാണ്.” അദ്ദേഹം പറഞ്ഞു.
തന്നെ എഴുത്തിലേക്കും വായനയിലേക്കും കൊണ്ടുവന്നത് സി.എച്ച് മുഹമ്മദ് കോയയാണെന്നും ഖാദര്‍ പറഞ്ഞു. തന്റെ അയല്‍വക്കത്തുള്ള അബ്ദുക്കയുടെ വീട്ടിലാണ് സി.എച്ച് മുഹമ്മദ് കോയ താമസിച്ച് പഠിച്ചിരുന്നതെന്നും അവിടെ ഒരു കല്ല്യാണത്തിനിടെയാണ് അദ്ദേഹവുമായി അടുത്തതെന്നും ഖാദര്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
“വലിയ അബ്ദുക്കയുടെ വീട്ടില്‍ എല്ലാ മാസികകളും വരുത്തും. കലാനിധി എന്ന മാസിക ആലപ്പുവയില്‍ നിന്ന്, ബോംബെയില്‍ നിന്നുള്ള വിശാലകേരളം, മാതൃഭൂമി ആഴ്ചപതിപ്പ്, പത്രം മുതലായവ. ആസമയത്താണ് അവിടെ ഒരു കല്ല്യാണം വരുന്നത്. വധു പുതിയങ്ങാടിയിലേക്ക് പോണം. കരിയിട്ട് കത്തിച്ച് ചൂടാക്കി പോകുന്ന ബസ്സാണ്.”
ആ ബസിലിരുന്ന് കരയുകയായിരുന്ന തന്റെ അരികിലേക്ക് സി.എച്ച് മുഹമ്മദ് കോയ വരികയും ആശ്വസിപ്പിക്കുകയും വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പുസ്തകം എടുത്ത് നീട്ടി വായിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
“അപ്പോഴാണ് സി.എച്ച് മുഹമ്മദ് കോയ എന്റെ അരികില്‍ വന്നത്. കുട്ടി എന്തിനാണ്കരയുന്നത്, കരയാന്‍ പാടില്ല എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു. എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചു. ഞാന്‍ ഫിഫ്ത്ത് കഴിഞ്ഞ് ഹൈസ്‌കൂളില്‍ ചേര്‍ന്ന കാര്യം പറഞ്ഞു. ഇത്രയും വലിയ കുട്ടിയാണോ കരയുന്നത് എന്ന് ചോദിച്ച് അദ്ദേഹം വീട്ടില്‍ പോയി ഒരു പുസ്തകം എടുത്തു നീട്ടി. വീട്ടില്‍ ചെന്ന് അതുവായിക്കാന്‍ പറഞ്ഞു. ആ പുസ്തകം വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി ആയിരുന്നു.” അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ ആദ്യമായി ഒരു സാഹിത്യ കൃതി കാണുന്നത് അതായിരുന്നെന്നു പറഞ്ഞ ഖാദര്‍ അന്നുവൈകുന്നേരം സി.എച്ച് തന്നെ ഒരു വായനശാലയിലേക്ക് കൊണ്ടുപോയി മെമ്പറാക്കിയെന്നും പറയുന്നു.
അവിടുന്നാണ് കേശവദേവിന്റെ ഓടയില്‍ നിന്ന്, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് തുടങ്ങിയ പല നോവലുകളും ഡിറ്റക്ടീവ് നോവലുകളും വായിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തന്റെ ആദ്യ നോവല്‍ ചങ്ങള അതിന്റെ പൂര്‍ണരൂപത്തില്‍ അച്ചടിച്ചുവരാന്‍ കാരണക്കാരനും സി.എച്ച് മുഹമ്മദ് കോയയാണെന്ന് ഖാദര്‍ പറയുന്നു.
“ഒരു അധികാരിയുടെ ജീവിതത്തെ ആധാരമാക്കിയാണ് ഞാന്‍ ചങ്ങല എന്ന നോവല്‍ എഴുതുന്നത്. ഈ ചങ്ങല അതിന്റെ പൂര്‍ണരൂപത്തില്‍ അച്ചടിച്ചുവരാന്‍ കാരണക്കാരന്‍ സി.എച്ച് മുഹമ്മദ് കോയയാണ്. കാരണം കൊയിലാണ്ടി ഭാഗത്തെ ഒരു മുസ്‌ലിം തറവാടിന്റെ തകര്‍ച്ച പറയുന്ന ഒരു കഥയായതുകൊണ്ട് അത് പ്രസിദ്ധീകരിക്കരുത് എന്നൊക്കെ അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, സി.എച്ചിന്റെ ഉറച്ച നിലപാടുകാരണമാണ് ആ നോവല്‍ അന്ന് അച്ചടച്ചിവന്നത്.” അദ്ദേഹം പറയുന്നു.
“ഇത് ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. അത് പാതിവഴിയില്‍ നിറുത്തുന്നത് ചന്ദ്രികയുടെ ധര്‍മ്മല്ല. ഇത് തീര്‍ത്തും ചന്ദ്രിക തന്നെ പബ്ലിഷ് ചെയ്യും. അതില്‍ വരാവുന്ന ഭവിഷ്യത്തുകള്‍ ചന്ദ്രിക ഏറ്റെടുക്കും എന്ന അദ്ദേഹത്തിന്റെ ധീരവും ശക്തവുമായ നിലപാട് കാരണമാണ് ആ നോവല്‍ അച്ചടിച്ചുവന്നതെന്നും ഖാദര്‍ വ്യക്തമാക്കി.