[] അബുദാബി: വിസാ നടപടികള്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പുതിയ സാങ്കേതിക സംവിധാനങ്ങളുമായി യു.എ.ഇ. അടുത്ത മാസം മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആക്ടിംഗ് അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹറേബ് അല്‍ ഖാലില്‍ അറിയിച്ചു.
വിസ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതിനായുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിസാ നടപടികള്‍ക്കും ഫീസ് അടയ്ക്കുന്നതിനുമുളള സാങ്കേതിക സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വരുംദിവസങ്ങളില്‍ യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.
വിവിധ യു.എ.ഇ വിസകള്‍ക്കായുളള പുതിയ നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ബിസിനസ് വിഭാഗത്തില്‍ സന്ദര്‍ശക വിസയ്ക്കു മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദേശികളുടെ എന്‍ട്രി വീസ, താമസ വീസ തുടങ്ങിയവ സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിഷ്‌കരണം.