| Tuesday, 1st March 2022, 6:30 pm

ഷെയ്ന്‍ നിഗം ട്രാക്ക് മാറ്റണോ?

അനുപമ മോഹന്‍

ഷെയ്ന്‍ നിഗത്തിന്റെ വെയില്‍ എന്ന സിനിമ തിയ്യറ്ററുകളില്‍ ഈ അടുത്ത ദിവസമാണ് റിലീസായത്. ഈ സിനിമ കണ്ടിറങ്ങിയ ആളുകളുടെ മനസില്‍ സ്വഭാവികമായും വരുന്ന സംശയമായിരിക്കും ഷെയ്ന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നത്. സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഷെയ്ന്‍ അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ ഷേഡ് വരുന്ന, അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ചില പ്രത്യേകതകള്‍ റിപ്പീറ്റ് ചെയ്തു വരുന്ന പ്രവണതയുണ്ട്.

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായ പത്തു സിനിമകളാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. കിസ്മത്ത്, C/o സൈറാ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ്, ഓള്, വലിയ പൊരുന്നാള്‍, ഭൂതകാലം, വെയില്‍ എന്നിവയാണ് അവ. ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം പൊതുവായ ചില പ്രത്യേകതകള്‍ അറിഞ്ഞോ അറിയാതെയോ ആവര്‍ത്തിച്ചു വന്നിട്ടുണ്ട്.

ഒന്നുകില്‍ പുറത്തേക്ക് കലിപ്പനായ, എന്നാല്‍ ഉള്ളില്‍ സ്നേഹം ആഗ്രഹിക്കുന്ന ഒരാളായിരിക്കും ഷെയ്ന്‍ ചെയ്യുന്ന കഥാപാത്രം. അല്ലെങ്കില്‍ ജോലിക്കു പോവാന്‍ മടിയുള്ളതോ ജോലി അന്വേഷിച്ച് നടന്ന് മടുത്ത ഒരാളോ ആയിരിക്കും. വേഷം കൊണ്ടും സംസാരം കൊണ്ടും അലസനെന്നു തോന്നിപ്പിക്കുന്നതോ, താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ ഒട്ടും സംതൃപ്തിയില്ലാത്തതോ അല്‍പം സങ്കീര്‍ണമായ പ്രേമമുള്ള വ്യക്തിയോ ആയിരിക്കും. ആവര്‍ത്തിക്കുന്നു എന്നു തോന്നുന്ന ഒരു പാട് പ്രത്യേകതകള്‍ ഷെയിന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ക്കുണ്ട്. ഓരോ സിനിമകളുടെയും പ്ലോട്ടും കഥാപാത്രത്തിന്റെ പ്രത്യേകതകളും വെച്ച് പരിശോധിക്കാം.

May be an image of 1 person, beard and wrist watch

പറവയില്‍ ഷെയ്ന്‍ നിഗം അഭിനയിച്ചത് ജീവിതത്തില്‍ സംഭവിച്ച ചില ട്രാജഡികള്‍ മൂലം വിഷമിച്ചിരിക്കുന്ന ഒരു കഥാപാത്രമായാണ്. മാനസികമായി ബുദ്ധിമുട്ടുകളനുഭവിക്കുന്ന, ഉണ്ടായിരുന്ന പ്രേമം തുടരാനാവാതെ മൊത്തത്തില്‍ പെട്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഈ സിനിമയില്‍. ഭൂതകാലത്തിലും ഈ നിരാശയും നിസ്സഹായതയും പ്രേമം തുടരാനാവാത്ത വിഷമങ്ങളും കാണാന്‍ സാധിക്കും. പറവയില്‍ ദുല്‍ഖറിന്റെ മരണവും കാര്യങ്ങളുമാണ് അതിന് കാരണമെങ്കില്‍ ഭൂതക്കാലത്തില്‍ ഹൊറര്‍ എലമെന്റും, മാനസിക പ്രശ്‌നങ്ങളും, അമ്മ കഥാപാത്രം ചെയ്ത രേവതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണെന്ന് മാത്രം. കുമ്പളങ്ങി നൈറ്റ്സിലും സിനിമയുടെ പകുതിയാവുമ്പോള്‍ ബോബി എന്ന കഥാപാത്രം ഏറെ വിഷമം അനുഭവിക്കുന്നതായി കാണാം. വെയിലില്‍ ഉടനീളം വിഷമങ്ങള്‍ ഉള്ളിലടക്കിയാണ് സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രം ജീവിക്കുന്നത്. അതായത് കാരണങ്ങള്‍ വേറെയാണെങ്കിലും കഥാപാത്രങ്ങളുടെ സ്വഭാവത്തിന് നല്ല സാമ്യമുണ്ട്.

കിസ്മത്ത് മുതല്‍ വെയില്‍ വരെയുള്ള സിനിമകളെടുത്തു നോക്കുമ്പോള്‍ ബോഡി ലാംഗേജും, ഡ്രസിങ്ങ് സ്റ്റൈലും, ഭാഷയും, ക്ലാസുമെല്ലാം ആവര്‍ത്തിച്ച് ചെയ്യുന്നതായി കാണാന്‍ പറ്റും. മുടി നീട്ടി വളര്‍ത്തിയ, ചില സമയങ്ങളില്‍ അലസനായി പെരുമാറുന്ന ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ചൊന്നും അത്ര ബോധവാനല്ലാത്തൊരു ഷെയിനിനെ ഈ സിനിമകളിലെല്ലാം നമുക്ക് കാണാന്‍ പറ്റും. എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്ന് ദേഷ്യം വരുന്ന പുറത്തേക്ക് കലിപ്പനായി തോന്നുന്ന പ്രത്യേകതയും അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങള്‍ക്കുണ്ടാവാറുണ്ട്.

Kismath'

ഇനി ഈ കഥാപാത്രങ്ങളുടെയെല്ലാം കുടുംബപശ്ചാത്തലം നോക്കുകയാണെങ്കില്‍ ഒന്നുകില്‍ വീട്ടില്‍ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ വീട്ടിലെ ആരോടെങ്കിലും മിണ്ടാതിരിക്കുന്നതോ ആയിരിക്കും. കിസ്മത്തിലും പറവയിലും കുമ്പളങ്ങി നൈറ്റ്സിലും ഭൂതകാലത്തിലും അടുത്തിറങ്ങിയ വെയിലില്‍ വരെയും നമുക്കത് കാണാന്‍ പറ്റും. കിസ്മത്തില്‍ വീട്ടുകാരോട് ഇര്‍ഫാന്‍ എന്ന കഥാപാത്രം അത്ര രസത്തിലല്ല. പറവയില്‍ വീട്ടില്‍ ഒറ്റപ്പെട്ടിരിക്കുന്ന, വീട്ടിലെ ആരോടും സംസാരിക്കാത്ത ഒരു കഥാപാത്രമാണ്. കുമ്പളങ്ങിയിലും ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ ബോബി എന്ന കഥാപാത്രത്തിന്റെ വീട്ടില്‍ ആരും പരസ്പരം സ്നേഹത്തോടെയല്ല ജീവിക്കുന്നത്. അവിടെ വഴക്കുകളും ബഹളങ്ങളുമാണ്. ഭൂതകാലത്തിലും വീട്ടിലെ ഈ ഒറ്റപ്പെടലും അമ്മയുമായുള്ള പ്രശ്നങ്ങളുമുണ്ട്. വെയിലിലും വീട്ടിലെ സാഹചര്യങ്ങളും അമ്മയുമായുള്ള ബന്ധത്തിലെ വിള്ളലുകളും തന്നെയാണ് വിഷയം. ഈ സിനിമകളുടെയെല്ലാം അവസാനം ഷെയ്നിന്റെ കഥാപാത്രം വിടുമായും വീട്ടുകാരുമായും നല്ല സ്നേഹത്തിലാകുകയും മൊത്തത്തില്‍ ഒരു ശാന്തി സമാധാന സീനില്‍ സിനിമ അവസാനിക്കുകയും ചെയ്യും.

Shane Nigam's next film titled Veyil | Entertainment News,The Indian Express

ഇനി ഈ സിനിമകളിലൊക്കെ പ്രേമം എങ്ങനെയാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് നോക്കിയാലും അത്ര സുഖകരമായ രീതിയില്‍ പോകുന്ന പ്രേമങ്ങളല്ലെന്ന് കാണാന്‍ പറ്റും. റൊമാന്റിക് സീനുകളും പാട്ടുകളുമൊക്കെ ഉണ്ടാവുമെങ്കിലും ഈ പ്രേമങ്ങളെല്ലാം അല്‍പ്പം സങ്കീര്‍ണമാണ്. കിസ്മത്ത് എന്ന സിനിമയില്‍ ഇര്‍ഫാനും അവന്റെ കാമുകിയും പ്രേമവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ബേസിക് പ്ലോട്ട്. പറവയില്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ഷെയ്ന്‍ എന്ന കഥാപാത്രം തന്റെ കാമുകിയോട് സംസാരിക്കുക പോലും ചെയ്യുന്നില്ല. ഈടയിലും ഇഷ്‌കിലും കുമ്പളങ്ങി നൈറ്റ്സിലും ഭൂതകാലത്തിലും പല തരത്തിലുള്ള പ്രശ്നങ്ങളാണ്. അവസാനം ഇറങ്ങിയ വെയിലിലും ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ കാമുകി ഷെയ്‌നിന്റെ കഥാപാത്രത്തിനൊപ്പം നില്‍ക്കുന്നില്ല. അതായത് പലപ്പോഴും ഷെയിനിന്റെ കഥാപാത്രങ്ങള്‍ക്ക് സ്വസ്ഥതയുള്ളൊരു പ്രേമം നിഷിദ്ധമായിരിക്കും.

ജോലിയുടെ കാര്യം നോക്കുകയാണെങ്കില്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ ബോബി എന്ന കഥാപാത്രം ജോലിക്ക് പോകുന്നില്ല. ജോലിക്കു പോയ സ്ഥലത്ത് അദ്ദേഹത്തിന് തുടരാനും സാധിക്കുന്നില്ല. ഭൂതകാലത്തില്‍ കുറെ ഇന്റര്‍വ്യൂ ഒക്കെ അറ്റന്‍ഡ് ചെയ്ത് ജോലി കിട്ടാതിരിക്കുന്ന ഒരു അവസ്ഥയാണ്. പറവയിലും ഷെയ്ന്‍ പ്രത്യേകിച്ച് ഒരു ജോലിക്ക് പോകുന്നതായൊന്നും കാണിക്കുന്നില്ല. വെയിലിലും അതുതന്നെയാണ് അവസ്ഥ.

കഥാപാത്രങ്ങളുടെ സ്വഭാവം ആവര്‍ത്തിച്ച് വരുന്നു എന്ന കാര്യം ഒഴിവാക്കിയാല്‍ സിനിമാ സെലക്ഷന്‍ കൊണ്ടും അഭിനയം കൊണ്ടും ഏറെ മികച്ചു നില്‍ക്കുന്ന നടനാണ് ഷെയ്ന്‍. ഇത്രയും കുറഞ്ഞ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് അഭിനയത്തിലുള്ള ടാലന്റ് പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്. ഒരേ സ്വഭാവത്തിലുള്ള കഥാപാത്രങ്ങള്‍ റിപ്പീറ്റ് ചെയ്യുന്നുണ്ടെങ്കില്‍ പോലും പറവയിലെ ഷെയിനിനെ ഭൂതകാലത്തില്‍ കാണാന്‍ സാധിക്കില്ല. അതായത് സാമ്യമുള്ള കഥാപാത്രങ്ങളായിട്ടു പോലും ഒരോ കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരേ പോലുള്ള റോളുകള്‍ ചെയ്യുന്നു എന്ന ലേബല്‍ ബ്രേക്ക് ചെയ്തു പുറത്ത് വരാന്‍ പാകത്തിലുളള കഥാപാത്രങ്ങള്‍ ഷെയിനിന് ലഭിക്കേണ്ടതുണ്ട്. മലയാളം ഇന്‍ഡസ്ട്രി വ്യത്യസ്തമായ രീതികളില്‍ ഷെയ്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.


Content Highlight: type casting of shane nigum

അനുപമ മോഹന്‍

We use cookies to give you the best possible experience. Learn more