നിലമ്പൂര്‍: കരുവാരക്കുണ്ട് മലയില്‍ കുടുങ്ങിയ രണ്ട് പേരെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ചെരികൂമ്പന്‍ മല എന്ന സ്ഥലത്താണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്കൊപ്പം മല കയറി തിരിച്ചിറങ്ങിയ മൂന്നാമന്റെ സഹായത്തോടെയാണ് പൊലീസും അഗ്നിരക്ഷാ സേനയും ഇവരെ കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവാക്കളുടെ അരികിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ താഴേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങി. റോഡ് സംവിധാനമില്ലാത്തതിനാല്‍ വാഹനങ്ങള്‍ എത്തിക്കുന്നത് പ്രതിസന്ധിയാണ്. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരാണ് കുടുങ്ങിയത്. കേരളാ കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് ഇരുവരും കുടുങ്ങിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഘം ട്രക്കിങ്ങിന് പോയത്.
ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തുള്ള കൂമ്പന്‍ മല കാണാനായി കയറിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്കും രാത്രിയായതോടെ ഇറങ്ങാന്‍ കഴിഞ്ഞില്ല. വൈകീട്ടത്തെ ശക്തമായ മഴയില്‍ ചോലകള്‍ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.
ഇവരെ കാണാതായെന്ന വിവരം ലഭിച്ചതിന് പിന്നാലെ തന്നെ അഗ്‌നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ഷംനാസാണ് താഴെയെത്തി വിവരം പൊലീസിനെ അറിയിച്ചത്.
കരുവാരക്കുണ്ടിലെ മല കയറാന്‍ പോയ മൂന്ന് പേരും 20 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ്.
എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും രാത്രിയായതോടെ വഴിയറിയാതെ കുടുങ്ങുകയായിരുന്നുവെന്നും രക്ഷാ പ്രവര്‍ത്തകര്‍ക്ക് വളരെ വേഗം ഇവരുടെ അടുത്തേക്ക് എത്താനായത് നേട്ടമായെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.