| Monday, 16th August 2021, 9:27 pm

വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചവര്‍ കുട്ടികള്‍; രണ്ട് പേരും മരിച്ചെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ യു.എസ് വിമാനത്തിന്റെ ചക്രത്തില്‍ സ്വയം ബന്ധിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ വീണ് മരിച്ച രണ്ട് പേരും കുട്ടികളെന്ന് റിപ്പോര്‍ട്ട്. 16 ഉം 17 ഉം വയസുള്ള രണ്ട് കുട്ടികളാണ് വിമാനം പറന്നുയരവേ വീണ് കൊല്ലപ്പെട്ടതെന്ന് റുസ്തം വഹാബ് എന്ന മാധ്യമപ്രവര്‍ത്തകന്‍.

തന്റെ ബന്ധുവിന്റെ അയല്‍വാസികളാണ് കൊല്ലപ്പെട്ടതെന്ന് റുസ്തത്തിന്റെ ട്വീറ്റില്‍ പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ രക്ഷിതാക്കളുടെ പക്കലെത്തിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് ഒരു വിഭാഗം ജനങ്ങള്‍. രാജ്യം വിടാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വിമാനത്താവളങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നേരത്തെ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനാകാതായതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

തിക്കും തിരക്കും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് അമേരിക്കയുടെ വാദം.

എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജനങ്ങള്‍ക്ക് നേരെയും വെടിവെപ്പുണ്ടായെന്നും ഇവര്‍ പറയുന്നു. വെടിയേറ്റ് കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് അഫ്ഗാന്‍ ജനത ശ്രമിക്കുന്നത്. ഞായറാഴ്ച മുതല്‍ നൂറുക്കണക്കിന് പേരാണ് വിമാനത്താവളങ്ങളില്‍ വന്നുകൊണ്ടിരുന്നത്.

താല്‍ക്കാലികമായി അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിലെ വിമാനത്താവളങ്ങള്‍. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം മടക്കിയെത്തിക്കാനുള്ള ശ്രമങ്ങളും രാജ്യങ്ങള്‍ നടത്തുന്നുണ്ട്.

അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍.

അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Two young boys who fell whilst clinging onto U.S. planes Taliban

We use cookies to give you the best possible experience. Learn more