ദുബായ്: രണ്ട് വര്‍ഷം മുന്‍പ് ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്യുമെന്ന് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഏഷ്യയില്‍ വീട്ടുജോലിക്കാരായ സ്ത്രീകളെ കച്ചവടം ചെയ്യുന്നതിന് ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയിരുന്നു എന്ന കണ്ടെത്തലാണ് ആപ്പിളിനെ അത്തരം നീക്കത്തിലേക്ക് നയിച്ചത്.
പരസ്യമായി ഫേസ്ബുക്കിന്റെ പിഴവുകള്‍ വെളിപ്പെടുത്തുമെന്ന ഭീഷണിയെത്തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന് ലഭിച്ച ഫേസ്ബുക്കിന്റെ ആഭ്യന്തരരേഖകളില്‍ ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരികള്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതായി സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരാതിപ്പെട്ടെന്ന് പറഞ്ഞിരുന്നു.
പിന്നീട് ആപ്പിള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ആപ്പിള്‍ സ്റ്റോറില്‍ നിലനില്‍ക്കുകയുമായിരുന്നു.
എന്നാല്‍ ആപ്പിളിന്റെ അന്നത്തെ നടപടികളൊന്നും ഫേസ്ബുക്കിന്റെ പോളിസികളെയോ പ്രവര്‍ത്തനങ്ങളേയോ ബാധിച്ചില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പറയുന്നത്. ‘ഖാദിമ’ അല്ലെങ്കില്‍ വീട്ടുജോലിക്കാരി (മെയ്ഡ്) എന്നീ വാക്കുകള്‍ ഫേസ്ബുക്കില്‍ അറബിയില്‍ തിരയുകയാണെങ്കില്‍ ഇപ്പോഴും ആഫ്രിക്കന്‍ തെക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങളടക്കമുള്ള അക്കൗണ്ടുകള്‍ ഇപ്പോഴും പ്രത്യക്ഷപ്പെടും എന്നാണ് പറയുന്നത്.