ചെന്നൈ: തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനു വേണ്ടിയുള്ള തിരച്ചില്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഫലം കണ്ടില്ല. കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയെന്നും നിലവില്‍ 100 അടിയോളം താഴ്ചയിലാണുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുച്ചിറപ്പള്ളി-നാടുകാട്ടുപ്പട്ടിയില്‍ പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ വീണത്. കുഴല്‍ക്കിണറിനായി എടുത്ത കുഴിയിലാണു വീണത്.
ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് 70 അടിയോളം താഴ്ചയിലേക്കു പോയിരുന്നു. ഇതിനിടെ ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.
എന്നാല്‍ പാറ നിറഞ്ഞ പ്രദേശമായതിനാല്‍ 10 അടിയോളം കുഴിച്ചതിനു ശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെയാണു കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയത്.
രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ജില്ലകളില്‍ നിന്നു കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ എത്തിയിട്ടുണ്ട്. 60 അടിയോളം വരെ മൈക്രോ ക്യാമറ എത്തിക്കാനായിട്ടുണ്ട്. ഇതുവഴിയാണു കുട്ടിയെ നിരീക്ഷിക്കുന്നത്.
കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയാനാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ മാധ്യമങ്ങളെ അറിയിച്ചു. വിജയഭാസ്‌കറെ കൂടാതെ ടൂറിസം മന്ത്രി വി. നടരാജന്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി വലാര്‍മതി തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ചെളിവീഴുന്നതും നനവുള്ളതുമാണു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നത്. നിലവില്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ കയര്‍ ഇറക്കി വരെ നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.