ന്യൂദല്‍ഹി: ക്രൂര മര്‍ദ്ദനത്തിനിരയായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന ഫലക് എന്ന രണ്ടു വയസ്സുകാരി മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് മരണം.
ജനുവരി 18നാണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലും ശരീരമാകെ മനുഷ്യന്റെ കടിയേറ്റ മുറിവുകളോടെയും ഫലകിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അമ്മയെന്ന് അവകാശപ്പെട്ട് ഒരു പതിനാലുകാരിയാണ് ഫലകിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീടു വിശദമായ ചോദ്യം ചെയ്യലില്‍ കൗമാരക്കാരിയല്ല കുട്ടിയുടെ മാതാവെന്നു പൊലീസ് സ്ഥിരീകരിച്ചു. നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മാര്‍ച്ച് 2-ാം തിയ്യതിയാണ് ഫലകിനെ ഐ.സി.യുവിലേക്ക് മാറ്റിയത്.
കുട്ടിയുടെ അമ്മയായ മുന്നി എന്ന സ്ത്രീ ഫലക്കിനെ സെപ്തംബറില്‍ ലക്ഷ്മി എന്ന സ്ത്രീക്ക് വില്‍ക്കുകയായിരുന്നു. മുന്നിക്ക് ആദ്യ ഭര്‍ത്താവില്‍ നിന്നുണ്ടായ മകളാണ് ഫലക്ക്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ തലയ്ക്കടിയേറ്റതിനാല്‍ മസ്തിഷ്‌കസ്രാവം ഉണ്ടായിരുന്നു. കൈകള്‍ ഒടിഞ്ഞ കുട്ടിയുടെ ദേഹത്തു കടിയും അടിയും ഏറ്റ പാടുകളുണ്ടായിരുന്നു. മുഖം പൊളളിച്ച നിലയിലുമായിരുന്നു. മരണത്തില്‍ നിന്നും രക്ഷിക്കാന്‍ എയിംസ് ആശുപത്രി ഡോക്റ്റര്‍മാര്‍ ഏറെ നാളായി ശ്രമിക്കുകയായിരുന്നു.