400 മില്യണ്‍ യൂറോയുടെ രണ്ട് വര്‍ഷത്തെ കരാര്‍; സൗദിയില്‍ റൊണാള്‍ഡോക്കെതിരെ ബെന്‍സെമ പന്ത് തട്ടും; റിപ്പോര്‍ട്ട്
football news
400 മില്യണ്‍ യൂറോയുടെ രണ്ട് വര്‍ഷത്തെ കരാര്‍; സൗദിയില്‍ റൊണാള്‍ഡോക്കെതിരെ ബെന്‍സെമ പന്ത് തട്ടും; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st June 2023, 10:46 pm

കരിം ബെന്‍സെമയുടെ റയല്‍ മാഡ്രിഡിലെ കരാര്‍ ഈ മാസം അവസാനിക്കും. അടുത്ത സീസണില്‍ സൗദി അറേബ്യന്‍ ടീമായ അല്‍ ഇത്തിഹാദില്‍ ചേരുമെന്നാണ് താരവുമായി ബന്ധപ്പെട്ട് വരുന്ന പുതിയ റിപ്പോര്‍ട്ട്. ജനുവരിയില്‍ സൗദി അറേബ്യയിലേക്ക് മാറുന്നതിന് ബെന്‍സെമക്ക് 400 മില്യണ്‍ യൂറോയുടെ രണ്ട് വര്‍ഷത്തെ കരാര്‍ അല്‍ ഇത്തിഹാദ്
വാഗ്ദാനം ചെയ്തതായി ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സൗദി അറേബ്യയിലേക്ക് പോകാനുള്ള തീരുമാനം ബാലണ്‍ ഡി ഓര്‍ ജേതാവ് ഇതിനകം റയല്‍ മാഡ്രിഡിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലേക്ക് പോകുന്നതോടെ റയലില്‍ തന്റെ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ എതിരാളിയായി ബെന്‍സെമക്ക് കളിക്കേണ്ടിവരും. ഈ സീസണില്‍ ക്രിസ്റ്റ്യാനോയുടെ അല്‍-നാസറിനെക്കാള്‍ അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായിരുന്നു.

35 കാരനായ ബെന്‍സെമ 2009ലാണ് ലിയോണില്‍ നിന്ന് മാഡ്രിഡില്‍ ചേരുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. റയലിനായി 647 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 353 ഗോളുകള്‍ നേടിയിട്ടുണ്ട്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.

അത്ലറ്റിക് ക്ലബ്ബിനെതിരെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ മാഡ്രിഡിന് വേണ്ടി ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ അവസാനമായി കളിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, റയല്‍ മാഡ്രിഡില്‍ ബെന്‍സെമയുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും അടുത്ത സീസണിലേക്കുള്ള ക്ലബ്ബിന്റെ സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങള്‍ താരത്തെ അറിയിച്ചിട്ടില്ലെന്നും തുടര്‍ന്ന് താരം റയല്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നെന്നുമുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.