ന്യൂദല്‍ഹി: ഇംഫാലില്‍ രണ്ട് സ്ത്രീകളെ കൂടി ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മെയ് നാലിന് തന്നെയാണ് സംഭവം നടന്നിരിക്കുന്നത്. 21 ഉം 24 ഉം പ്രായമുള്ള രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ഇരകളില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതി. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍വാഷില്‍ ജോലി ചെയ്തിരുന്ന രണ്ട് കുകി സ്ത്രീകളാണ് കൊലചെയ്യപ്പെട്ടത്.
കൊലപാതകത്തിന് പിന്നില്‍ മെയ്തി യൂത്ത് സംഘടന, മെയ്തി ലിപുണ്‍ തുടങ്ങിയവരാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ആദ്യം സീറോ എഫ്.ഐ.ആര്‍ ആണ് സായികുല്‍ പൊലീസ് ഇട്ടിരുന്നത്. പിന്നീടാണ് പോറോമ്പാട്ട് സ്റ്റേഷനിലേക്ക് കേസ് കൈമാറുന്നത്.
ഇതൊരു ആസൂത്രിത ആക്രമണമായിരുന്നുവെന്നും കാര്‍വാഷില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധു പറയുന്നു.
‘ഇതൊരു ആസൂത്രിത ആക്രമണമായിരുന്നു. ഇവിടത്തെ മെയ്തി വിഭാഗക്കാര്‍ക്ക് കാര്‍വാഷില്‍ രണ്ട് കുകി സ്ത്രീകള്‍ ജോലി ചെയ്യുന്നതായി അറിയാമായിരുന്നു. അവരുടെ ടാര്‍ഗെറ്റും പെണ്‍കുട്ടികള്‍ തന്നെയായിരുന്നു,’ മരണപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
രാവിലെ തന്നെ മെയ്തി സംഘം പെണ്‍കുട്ടികളെ തേടി കാര്‍വാഷില്‍ എത്തിയിരുന്നതായും എന്നാല്‍ ഉച്ചക്കാണ് ഇവരെ കണ്ടെത്തി ബലാത്സംഗത്തിന് ഇരയാക്കിയതെന്നും ബന്ധു പറഞ്ഞു.
‘മെയ്തി സംഘം രാവിലെ തന്നെ ഇവരെ അന്വേഷിച്ച് കാര്‍വാഷില്‍ എത്തിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ മടങ്ങി പോയി. പിന്നീട് ഇവര്‍ വീണ്ടും കാര്‍വാഷിലെത്തി സ്ത്രീകള്‍ എവിടെയാണെന്നത് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് പുരുഷന്മാരെ ഭീഷണിപ്പെടുത്തി. പിന്നീടാണ് ഇവര്‍ പെണ്‍കുട്ടികള്‍ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തി ബലാത്സംഗം ചെയ്യുന്നത്. അതിന് ശേഷം ഇവരെ പുറത്തേക്ക് കൊണ്ടുപോയി. പിന്നീടാണ് പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്,’ ബന്ധു പറഞ്ഞു.
രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ നിലവില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രണ്ട് സ്ത്രീകള്‍ കൂടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്.
മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 150 ഓളം ആളുകളാണ് മരിച്ചത്. ആയിരക്കണക്കിനാളുകള്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടിയും വന്നു.
Content Highlight: Two women raped and killed in manipur