മധ്യപ്രദേശിൽ റോഡ് നിർമാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി
NATIONALNEWS
മധ്യപ്രദേശിൽ റോഡ് നിർമാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2024, 12:36 pm

ഭോപ്പാൽ: മധ്യപ്രദേശിൽ റോഡ് നിർമാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മധ്യപ്രദേശിലെ രേവ ജില്ലയിലെ മംഗവാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിനോത കോതർ ഗ്രാമത്തിലാണ് സംഭവം.

തർക്കഭൂമിയിൽ തങ്ങളുടെ അടുത്ത ബന്ധുക്കൾ റോഡ് പണിയുന്നതിനെതിരെ സഹോദരിമാരായ ആശാ പാണ്ഡെയും മംമ്ത പാണ്ഡെയും പ്രതിഷേധിക്കുകയായിരുന്നു. റോഡ് പണിക്കെത്തിയ ട്രക്ക് ഇവർ തടയുകയായിരുന്നു. പ്രതിഷേധം തുടർന്നതോടെ ഡ്രൈവർ ഇവരുടെ മേൽ മണ്ണിട്ട് മൂടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപ്പെട്ട് സ്ത്രീയെ മണ്ണിൽ നിന്നും പുറത്തേക്കെടുത്ത് ആശുപത്രിയിലെത്തിച്ചു.

പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകൾ പ്രതിഷേധവുമായി വരികയായിരുന്നു. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട രണ്ട് പേര് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, രേവ ജില്ലയിലെ ഈ സംഭവം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജീതേന്ദ്ര പട്വാരി പറഞ്ഞു.

‘രേവ ജില്ലയിലെ ഈ സംഭവം ബി.ജെ.പിയുടെ ഭരണത്തിൻ കീഴിലുള്ള സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു. എന്തായാലും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനത്താണ്.

സ്ത്രീകൾ ഈ ഭരണത്തിന് കീഴിൽ സുരക്ഷിതരല്ല. അവരുടെ സുരക്ഷക്കാവശ്യമായ ഒരു നടപടിയും സർക്കാർ ഇനിയും സ്വീകരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ,’ ജീതേന്ദ്ര പട്വാരി പറഞ്ഞു.

Content Highlight: Two women partially buried in murrum during protest against road construction in MP Rewa district, one held