വാതല്‍മലൈ: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ നല്‍കിയ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മേല്‍ ജാതിക്കാരായ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊളയംപാളയം സ്വദേശിയായ 50കാരി ജി. സെല്ലിയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ദളിത് സ്ത്രീകളോട് അയിത്തത്തോട് കൂടി പെരുമാറിയതില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകളും ഗൗണ്ടര്‍ വിഭാഗത്തില്‍ പെടുന്നവരാണ്. 60കാരിയായ ചിന്നതായിയും ഇവരുടെ മകന്റെ പങ്കാളിയായ 32കാരി ബി. ധരണി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ചിന്നതായിയുടെ തോട്ടത്തിലെ സ്ഥിരം തൊഴിലാളിയാണ് സെല്ലി. സെല്ലിയുടെ ഒപ്പമുണ്ടായിരുന്ന 38കാരിയായ ശ്രീപ്രിയ, 55കാരിയായ വീരമ്മാള്‍, 60കാരിയായ മാരിയമ്മാള്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ചിരട്ടയില്‍ പ്രതികള്‍ ചായ നല്‍കിയത്. പട്ടികജാതിയില്‍ പെട്ട പറയര്‍ സമുദായക്കാരാണ് ഈ അഞ്ചുപേരും.
ജാതിവിവേചനം, പട്ടികവിഭാഗക്കാരോടുള്ള അതിക്രമം എന്നിവ ചൂണ്ടിക്കാട്ടി ചിന്നത്തായിക്കും ധരണിക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് സേലം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി.
ഇതിനുമുമ്പും സമാനമായ രീതിയില്‍ തൊഴിലാളികളോട് പ്രതികള്‍ പെരുമാറിയിട്ടുണ്ടെന്ന് സെല്ലി പരാതിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങള്‍ക്ക് പുറമെ പണി സ്ഥലങ്ങളിലും തങ്ങള്‍ ജാതി വിവേചനം നേരിടുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ മേല്‍ ജാതിക്കാരുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള പണി സ്ഥലങ്ങളില്‍ ഇതേ അവസ്ഥകളാണ് തങ്ങള്‍ നേരിടുന്നതെന്ന് ദളിത് തൊഴിലാളികള്‍ പ്രതികരിച്ചു.