കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്. ഈ നിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനകം പുതിയ ഉത്തരവ് നടപ്പിലാക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.