| Saturday, 27th November 2021, 10:12 pm

കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക; കൊവിഡില്ലെങ്കിലും ക്വാറന്റീനിലിരിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറ് ദിവസം കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളില്‍ കൂട്ടം കൂടുന്നതിനും പരിപാടികള്‍ നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒമിക്രോണ്‍ വകഭേദം ഇതുവരെ കര്‍ണാടകയില്‍ സ്ഥിരീകരിച്ചിട്ടില്ല. ബെംഗ്‌ളൂരിവിലെത്തിയ ആഫ്രിക്കന്‍ ദമ്പതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് ഒമിക്രോണ്‍ വകഭേദമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

അതേസമയം ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയിലും യൂറോപ്പിലും കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യമാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ സാഹചര്യം പരിഗണിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് മോദി നിര്‍ദേശിച്ചിരുന്നു. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന പൗരന്മാര്‍ക്ക് പരിശോധന കര്‍ശനമാക്കണം. സംസ്ഥാനങ്ങള്‍ കൂടുതതല്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി കുട്ടികള്‍ക്കടക്കം ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

വാക്‌സിനേഷന്റെ രണ്ടാം ഡോസ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മരുന്നുകളുടെ സ്റ്റോക്ക്, ഓക്‌സിജന്‍ ലഭ്യത, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രാലയങ്ങളോട് നിര്‍ദേശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: two-weeks-quarantine-for-students-from-kerala-karnataka-tightens-covid-restrictions

We use cookies to give you the best possible experience. Learn more