റപ്രസെന്റേറ്റീവ് ഇമേജ്
റിയാദ്: സൗദിയില്‍ രണ്ടു പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുവരെയും ചാക്കില്‍ കെട്ടിയശേഷം വടികള്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
35 വയസുള്ള അംമ്‌ന, 26 വയസുള്ള മീനോ എന്നിവരാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയില്‍ ഇവര്‍ താമസിക്കുന്ന വീട് റെയ്ഡ് ചെയ്തശേഷമാണ് പൊലീസ് ഇവരെ കൊലപ്പെടുത്തിയത്.
35 ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. സ്വവര്‍ഗ ലൈംഗികതയും ക്രോസ് ഡ്രസിങ്ങും ആരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ട്രാന്‍സ്‌ജെന്റര്‍ സമൂഹം അവരുടെ ഗുരുവിനെ തെരഞ്ഞെടുക്കുന്ന ചടങ്ങ് ആഘോഷിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. അറസ്റ്റിലായ 11പേര്‍ 150,000റിയാല്‍ ഫൈന്‍ നല്‍കി ശിക്ഷയില്‍ നിന്നൊഴിവാകുകയായിരുന്നു. 22 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.
സംഭവത്തില്‍ സൗദി അറേബ്യയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന 22 പേരെക്കുറിച്ചും ആരാഞ്ഞിട്ടുണ്ട്.
“ഞങ്ങള്‍ക്ക് വിശദാംശങ്ങള്‍ വേണം. കാരണം വലിയ ആശയക്കുഴപ്പമാണ് സംഭവമുണ്ടാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഒട്ടേറെ ട്രാന്‍സ്‌ജെന്റര്‍ സമൂഹമെല്ലാം ഭീതിയിലാണ്.” സോഷ്യല്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റായ നസീം പറയുന്നു.
“സൗദി അറേബ്യയിലെ ക്രിമിനല്‍ നിയമ പ്രകാരം പോലും അവരെ ട്രീറ്റു ചെയ്തില്ല. പാകിസ്ഥാനില്‍ നിന്നുള്ളവര്‍ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.” അദ്ദേഹം
പറയുന്നു.
“ഭിന്നലിംഗക്കാരെ വളരെ മോശമായാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ചിലപ്പോള്‍ മര്‍ദ്ദിക്കുന്നു. ആരെയെങ്കിലും രണ്ടാംതവണ അറസ്റ്റു ചെയ്താല്‍ ഉടന്‍ തന്നെ വധശിക്ഷയ്ക്കു വിധേയമാക്കുന്നു.” അവര്‍ വ്യക്തമാക്കി.