| Sunday, 5th March 2017, 10:19 am

'മനുഷ്യനെ ചാക്കില്‍ക്കെട്ടി തല്ലിച്ചതച്ചു കൊല്ലുന്നത് പൈശാചികമാണ്' ട്രാന്‍സ്‌ജെന്റേഴ്‌സിനെ കൊലപ്പെടുത്തിയ സൗദിയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: മനുഷ്യരെ ചാക്കിലിട്ടു കെട്ടി വടികൊണ്ട് തല്ലിച്ചതക്കുന്നത് പൈശാചികമാണെന്ന് പാകിസ്ഥാനി വുമണ്‍സ് റൈറ്റ്‌സ് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഖമര്‍ നസീം. സൗദിയില്‍ രണ്ടു പാകിസ്ഥാനി ട്രാന്‍സ്‌ജെന്റേഴ്‌സിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“മര്‍ദ്ദനത്തിനിരയായ ഈ രണ്ടുപേരുടെ വേദന അവസാനിച്ചുവെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും സൗദി ജയിലുകളില്‍ തന്നെയാണുള്ളത്. ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ജീവന് ആരും മൂല്യം കല്‍പ്പിക്കാത്തതിനാല്‍ അവരെ രക്ഷിക്കാന്‍ അവിടെയാരുമില്ല. നമ്മുടെ സര്‍ക്കാര്‍ പോലും” അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടെ രീതിയിലുള്ള വസ്ത്രം ധരിച്ചെന്നാരോപിച്ചാണ് സൗദിയില്‍ പാക് സ്വദേശികളായ രണ്ടു ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. 35 വയസുള്ള അംമ്‌നയും 26 വയസുള്ള മീനോയുമാണ് കൊല്ലപ്പെട്ടത്.


Must Read: സൗദിയില്‍ രണ്ടു ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടിയശേഷം തല്ലിക്കൊന്നു 


സൗദിയിലെ റിയാദിലെ ഒരു വീട്ടില്‍ നടന്ന പൊലീസ് റെയ്ഡിലാണ് ഇവരുള്‍പ്പെടെ 35 ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ തടവില്‍ കഴിയവെയാണ് അംമ്‌നയും മീനോയും ക്രൂരമായി കൊല്ലപ്പെട്ടത്.

ട്രാന്‍സ്‌ജെന്റേഴ്‌സിനെ അറസ്റ്റു ചെയ്തകാര്യം സൗദി പൊലീസും സ്ഥിരീകരിച്ചതായി ദ ട്രിബ്യൂട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു. റിയാദിലെ പൊലീസിന്റെ മീഡിയ വക്താവ് കേണല്‍ ഫവാസ് ബിന്‍ ജമീല്‍ അറസ്റ്റ് സ്ഥിരീകരിച്ചെന്നാണ് ട്രിബ്യൂട്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.

” പാകിസ്ഥാനിലെ ഖൈബര്‍ പാക്തുഖവ മേഖലയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും. മറ്റുള്ളവര്‍ പാകിസ്ഥാനിലെ മറ്റുനഗരങ്ങളില്‍ നിന്നുള്ളവരാണ്.” എന്നാണ് സൗദി പൊലീസ് പറഞ്ഞത്.

അതിനിടെ ട്രാന്‍സ്‌ജെന്റേഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി അറേബ്യ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിട്ടുണ്ട്.


Must Read: വീരപ്പനെ കുടുക്കാന്‍ സഹായിച്ചത് മഅദനി തന്നെ: തമിഴ്‌നാട് മുന്‍ ദൗത്യസേനാ തലവന്റെ സ്ഥിരീകരണം


“ട്രാന്‍സ്‌ജെന്റേഴ്‌സിനെ പീഡിപ്പിക്കുകയും ജുഡീഷ്യറി തീരുമാനിക്കുന്നതിനു മുമ്പ് വധിക്കുകയും ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് സൗദി സ്വതന്ത്രമായ അന്വേഷണം നടത്തി സ്റ്റേറ്റ് ഏജന്റുകള്‍ ഉള്‍പ്പെടെയുള്ള ആ ക്രിമിനലുകളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം.” ആംനസ്റ്റി വക്താവ് പറഞ്ഞതായി ഇന്റിപ്പെന്റന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

പാക് മനുഷ്യാവകാശ പ്രവര്‍ത്തകനായ നസീമിനെ ഉദ്ധരിച്ച് ഇന്റിപ്പെന്റന്റാണ് ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ കൊലപാതക വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഇന്റിപ്പെന്റന്റിനെ ഉദ്ധരിച്ച് ഡൂള്‍ന്യൂസ് കഴിഞ്ഞദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇത് വ്യാജവാര്‍ത്തയാണെന്ന് ആരോപിച്ച് സൗദി അനുകൂലികള്‍ രംഗത്തുവരികയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more