മൂന്നര മണിക്കൂറിലെ ചുരം ദൗത്യം വിജയകരം; കൂറ്റന്‍ ട്രെയ്‌ലറുകള്‍ താമരശ്ശേരി ചുരം കയറി
Kerala News
മൂന്നര മണിക്കൂറിലെ ചുരം ദൗത്യം വിജയകരം; കൂറ്റന്‍ ട്രെയ്‌ലറുകള്‍ താമരശ്ശേരി ചുരം കയറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd December 2022, 7:41 am

കോഴിക്കോട്: മൂന്ന് മാസമായി താമരശ്ശേരി അടിവാരത്ത് കുടുങ്ങിയിരുന്ന കൂറ്റന്‍ യന്ത്രങ്ങളുമായി രണ്ട് ട്രെയ്‌ലറുകള്‍ ചുരം കയറി. രാത്രി 11 മണിയോടെ തുടങ്ങിയ ദൗത്യം പുലര്‍ച്ച രണ്ടോടെയാണ് പൂര്‍ത്തിയായത്.

താമരശ്ശേരി ചുരത്തില്‍ മറ്റ് വാഹനങ്ങളെയെല്ലാം പൂര്‍ണമായും തടഞ്ഞ് ആംബുലന്‍സുകളെ മാത്രം കടത്തിവിട്ട് മൂന്നര മണിക്കൂറുകൊണ്ടാണ് രണ്ട് ട്രെയ്ലറുകളെ ചുരം കടത്തിയത്.

ഡ്രൈവര്‍ അടക്കം 14 ജീവനക്കാര്‍ ചേര്‍ന്നാണ് ട്രെയ്‌ലറുകള്‍ കൊണ്ടുപോയത്.
പൊലീസ്, അഗ്‌നിരക്ഷാസേന, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, കമ്പനി പ്രതിനിധികള്‍, മെക്കാനിക്കുകള്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ ട്രെയ്‌ലറുകളെ ചുരത്തില്‍ അനുഗമിച്ചു.

ഏഴാം വളവില്‍ എത്തിയപ്പോള്‍ വയനാട് ഭാഗത്തുനിന്ന് വന്ന ആംബുലന്‍സിന് കടന്നുപോകാന്‍ കുറച്ചുനേരം യാത്ര നിര്‍ത്തിവെച്ചത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് കാര്യമായ തടസങ്ങളൊന്നുമുണ്ടായില്ല.

16 അടിയോളം വീതിയും 20 അടി നീളവുമുള്ള മെഷീനുകളാണ് ലോറിയിലുണ്ടായിരുന്നത്. കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ഫാക്ടറിയിലേക്കാണ് കൂറ്റന്‍ മെഷീനുകളുമായി പോകുന്ന രണ്ട് ട്രക്കുള്‍ ചുരം വഴി പോയത്.

കഴിഞ്ഞ 104 ദവസത്തോളമായി ചുരം കയറാനുള്ള ട്രക്കുകളുടെ അനുമതി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഭീമമായ ട്രക്കുകള്‍ ചുരം കയറിയാല്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്നുള്ളതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്. നെസ്ലെയുടെ നഞ്ചന്‍കോട്ടെ ഫാക്ടറിയിലേക്ക് കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയ്‌ലറുകളിലുള്ളത്.