ബസ്തി/യൂ.പി: ഉത്തർ പ്രദേശിൽ ‘വിചിത്ര’ ടോയ്ലറ്റ് പണിത് അധികൃതർ. ഒറ്റമുറിയിൽ അടുത്തടുത്തായി രണ്ട് ടോയ്ലറ്റുകൾ പണിതാണ് അധികൃതർ വാർത്തകളിൽ ഇടം പിടിച്ചത്.
ടോയ്ലറ്റുകൾ തമ്മിൽ മറയൊന്നും ഇല്ലാത്ത തരം നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഉത്തർ പ്രദേശിലെ ബസ്തി ജില്ലയിലെ ഗൗരദുണ്ട ഗ്രാമത്തിൽ സർക്കാർ നിർമിച്ച ടോയ്ലറ്റ് കോംപ്ലക്സാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചാവിഷയമായിരിക്കുന്നത്.
സർക്കാരിന്റെ ‘ഇസ്സത് ഘർ’ എന്ന പദ്ധതി പ്രകാരം നിർമിച്ച ഈ ടോയ്ലറ്റ് കോംപ്ലക്സിന് പത്ത് ലക്ഷം രൂപയോളമാണ് നിർമാണ ചിലവ്.
ജനങ്ങൾക്ക് ഉപയോഗിക്കാനായി സർക്കാർ പദ്ധതി പ്രകാരം നിർമിച്ച് നൽകിയ ഈ ടോയ്‌ലെറ്റുകൾക്ക് പലയിടത്തും വാതിലുകൾ നിർമിച്ചിട്ടില്ല. ചിലയിടത്ത് മറയില്ലാത്തവണ്ണം ടോയ്ലറ്റുകൾ അടുത്തടുത്തായാണ് സ്ഥാപിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം നിർമ്മിക്കപ്പെട്ട ടോയ്ലറ്റ് നിർമാണത്തിന് ട്രോൾ മഴയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
എന്നാൽ അശാസ്ത്രീയമായതും പ്രായോഗികമല്ലാത്തതുമായ ടോയ്ലറ്റ് നിർമാണത്തെ പറ്റി അന്വേഷിക്കുമെന്ന് ഡിസ്ട്രിക്ട് പഞ്ചായത്ത് രാജ് ഓഫീസർ നമ്രത ശരൺ മാധ്യമങ്ങളോട് പ്രതികരിച്ചു.
ടോയ്ലറ്റുകൾക്ക് വാതിൽ ഇല്ലാത്തതും, തമ്മിൽ മറയില്ലാത്തതും ഗുരുതര നിർമാണ അപാകതയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് അനാസ്ഥ കാണിച്ചവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക നിരഞ്ജനും പ്രതികരിച്ചു.
Content Highlights:Two toilets in one room, no cover between them; Officials have built a strange toilet Model in Uttar Pradesh