| Tuesday, 25th July 2023, 8:00 am

നഷ്ടപ്പെടുത്തലും രക്ഷപ്പെടുത്തലും, ചിരിയും കരച്ചിലും; മഴയുടെ വില്ലത്തരത്തില്‍ ക്രിക്കറ്റിന് നഷ്ടമായതേറെ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തെ മഴ ചതിച്ച ദിവസമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരവും ആഷസ് പരമ്പരയിലെ നാലാം മത്സരവും മഴ കാരണം ഇല്ലാതാവുകയായിരുന്നു. ഒടുവില്‍ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിക്കുകയും ചെയ്തു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇരുടീമുകളുടെയും ആദ്യ പരമ്പര കൂടിയായിരുന്നു ഇത്.

മഴ കാരണം ആഷസ് പരമ്പരയിലെ നാലാം മത്സരം നഷ്ടപ്പെട്ടത് ഫലത്തില്‍ ഗുണം ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയക്കാണ്. മത്സരം സമനിലയില്‍ കലാശിച്ചതോട ഓസീസിന് വീണ്ടും ആഷസ് ട്രോഫി കൈവശം വെക്കാനുള്ള അവസരം കങ്കാരുക്കള്‍ക്ക് കൈവന്നിരിക്കുകയാണ്.

ഇംഗ്ലണ്ട് ജയിക്കുമെന്നുറപ്പിച്ച മത്സരമായിരുന്നു അത്. സാക്ക് ക്രോളിയുടെ സെഞ്ച്വറിയും ബെയര്‍സ്‌റ്റോയുടെ 99 നോട്ടൗട്ടും പാഴാവുകയും ചെയ്തു. ഈ മത്സരം ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കില്‍ പരമ്പര ആവേശകരമായ സീരീസ് ഡിസൈഡറിലേക്ക് കടക്കുമായിരുന്നു.

ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ വിജയിക്കുന്ന ടീം കിരീടമുയര്‍ത്തുമെന്നതിനാല്‍ ഇരുടീമിന്റെയും അഭിമാനപ്പോരാട്ടം കാണാനുള്ള അവസരം കൂടിയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് നഷ്ടമായത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓസീസ് 2-1ന് ലീഡ് ചെയ്യുകയാണ്.

ഒരുവശത്ത് മഴ ആതിഥേയരായ ഇംഗ്ലണ്ടിനെ കരയിച്ചപ്പോള്‍ മറുവശത്ത് ആതിഥേയര്‍ക്ക് സന്തോഷിക്കാനുള്ള വകയാണ് മഴ നല്‍കിയത്. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായത്.

365 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശിയ വിന്‍ഡീസ് 76ന് രണ്ട് എന്ന നിലയില്‍ കളിയവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തോല്‍വി മുമ്പില്‍ കണ്ട വിന്‍ഡീസിന് മഴ ശരിക്കും അനുഗ്രഹമായി മാറുകയായിരുന്നു.

ഇതോടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലും കരിനിഴല്‍ വീണു. ഇതോടെ 1-0നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്

ആഷസിലെ അവസാന മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ടെങ്കില്‍ ഏകദിന പരമ്പരക്കാണ് വിന്‍ഡീസ് കോപ്പുകൂട്ടുന്നത്.

ജൂലൈ 27നാണ് ആഷസ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ദി ഓവലാണ് വേദി.

അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ നടക്കുന്നത്. ജൂലൈ 27നാണ് ആദ്യ മത്സരം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് മത്സരം അരങ്ങേറുന്നത്.

Content Highlight: Two Tests ended in draws due to rain

We use cookies to give you the best possible experience. Learn more