പ്രേമലു തെലുങ്ക് പതിപ്പിന്റെ വന്‍ വിജയത്തിന് പിന്നാലെ ഫഹദ് ഫാസിലിനെ വെച്ച് രണ്ട് സിനിമകള്‍ അനൗണ്‍സ് ചെയ്ത് രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ. രണ്ട് വ്യത്യസ്ത ഴോണറിലുള്ള സിനിമകളാണ് പ്രഖ്യാപിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ വന്ന അനൗണ്‍സ്‌മെന്റ് സിനിമാപ്രേമികള്‍ക്ക് വന്‍ സര്‍പ്രൈസ് ആയിരുന്നു.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’, സിദ്ധാര്‍ത്ഥ് നഡേല്ല സംവിധാനം ചെയ്യുന്ന ഓക്‌സിജന്‍ എന്നീ സിനിമകളാണ് പ്രഖ്യാപിച്ചത്. ഫാന്റസി ഴോണറില്‍ പെടുന്ന സിനിമയാകും ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്ന ചിത്രം 2025ല്‍ തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ത്രില്ലര്‍ ചിത്രമാകും ഓക്‌സിജന്‍ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ഫഹദും, പശ്ചാത്തലത്തില്‍ കാണിക്കുന്ന മാപ്പുമെല്ലാം ചിത്രത്തിന് നിഗൂഢത നല്‍കുന്നുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
അല്ലു അര്‍ജുന്‍ നായകനായ പുഷ്പയില്‍ ഫഹദ് അവതരിപ്പിച്ച വില്ലന്‍ വേഷം സൗത്ത് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ അവസാന 20 മിനിറ്റില്‍ കടന്നുവരുന്ന വില്ലനായ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസുദ്യോഗസ്ഥനായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്, സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഫഹദ്- അല്ലു കോമ്പോയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.
Content Highlight: Two Telegu movies starring Fahadh Fasil announced by SS Karthikeya