| Thursday, 21st July 2022, 8:16 am

നീറ്റ് പരീക്ഷാ വിവാദം; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: നീറ്റ് പരീക്ഷക്ക് വന്ന വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍.

നീറ്റ് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന പ്രൊഫ. പ്രിജി കുര്യന്‍ ഐസക്, എന്‍.ടി.എ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി.

ആയൂര്‍ മാര്‍ത്തോമ കോളേജിലെ പരീക്ഷാ കേന്ദ്രത്തിലാണ് അടിവസ്ത്രം അഴിപ്പിച്ച സംഭവം നടന്നത്. ലോഹ വസ്തുക്കള്‍ ഉണ്ടെന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് അടിവസ്ത്രം അഴിപ്പിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ ഇതുവരെ അഞ്ച് വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരാതിക്കുമേല്‍ തുടരന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയില്‍വെച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തുവെന്നാണ് കോളേജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ പരാതി. അപമാനകരമായ അനുഭവമായിരുന്നു തങ്ങള്‍ക്കുണ്ടായതെന്ന് ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു.

പരീക്ഷ കഴിഞ്ഞും കോളേജില്‍ നിന്ന് അടിവസ്ത്രം ധരിക്കാന്‍ അനുവധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷക്കെത്തിയതെന്ന് ദുരനുഭവം നേരിട്ട ഒരു വദ്യാര്‍ത്ഥിനിയുടെ പിതാവും പ്രതികരിച്ചിരുന്നു.

എന്നാല്‍ അടിവസ്ത്രം അഴിപ്പിച്ചതായി തങ്ങള്‍ക്ക് തെളിവ് ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ജെ. ബാബു പ്രതികരിച്ചത്. വിവാദം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് ഉത്തരവിട്ടത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജില്‍ യുവജന സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. കോളേജിന്റെ ജനല്‍ ചില്ലുകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും പൊലീസിന് നേരെയും കോളേജ് ജീവനക്കാര്‍ക്കെതിരെയും കരി ഓയില്‍ പ്രയോഗിക്കുകകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എ.ബി.വി.പി തുടങ്ങിയ യുവജന സംഘടനകളാണ് പ്രതിഷേധം നടത്തിയത്.

Content Highlight: Two teachers arrested in the NEET exam controversy

We use cookies to give you the best possible experience. Learn more