ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത് ദല്‍ഹി പൊലീസ്. പിഞ്ചാര ടോഡ് എന്ന വനിതാ വിദ്യാര്‍ത്ഥി സംഘടനയിലെ അംഗങ്ങളായ നടാഷ നര്‍വാര്‍, ദേവാംഗന കാലിത എന്നിവരെയാണ് അറസ്റ്റു ചെയതത്.
ഫെബ്രുവരിയില്‍ ദല്‍ഹിയിലെ ജാഫ്രാബാദില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധസമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ട് റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
അറസ്റ്റു ചെയ്യപ്പെട്ട ദേവാംഗനയും നടാഷയും ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണെന്ന് പിഞ്ചാര ടോഡ് അംഗം പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിക്കാണ് വീടുകളില്‍ വെച്ച് ഇവരെ അറസ്റ്റു ചെയ്യുന്നത്. ദല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ കുടുംബാംഗങ്ങളെ അറസ്റ്റിന്റെ കാരണം പൊലീസ് ബോധിപ്പിച്ചിട്ടില്ലെന്നും പിഞ്ചാര ടോഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഐ.പി.സി സെക്ഷന്‍ 186 (പൊതുപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പൊതുപ്രവര്‍ത്തകനെ തടസ്സപ്പെടുത്തല്‍), 353 (പൊതുപ്രവര്‍ത്തകനെ പൊതുപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും തടസപ്പെടുത്തുന്നതിനായി അക്രമം ഉണ്ടാക്കുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
കൊവിഡ് കാലത്തിനിടയ്ക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നിരവധി വിദ്യാര്‍ത്ഥികളെ ദല്‍ഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ജാമിയ മിലിയ ഇസ്ലാമിയയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയും ആര്‍.ജെ.ഡിയുടെ യുവജന വിഭാഗം ദല്‍ഹി യൂനിറ്റ് പ്രസിഡന്റുമായ മീരാന്‍ ഹൈദര്‍, ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ (ജെ.സി.സി) മീഡിയ കോ ഓഡിനേറ്ററും ജാമിഅയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയുമായ സഫൂറ സര്‍ഗാര്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ ഉമര്‍ഖാലിദ് എന്നിവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയിരുന്നു.
ഗര്‍ഭിണിയും ശാരീരിക അവശതകളുമുള്ള സഫൂറ സര്‍ഗാറിനെ കൊവിഡ് കാലത്ത് തിങ്ങിനിറഞ്ഞ ജയിലിലടച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക