| Sunday, 29th September 2024, 4:30 pm

അധ്യാപികയുടെ എ.ഐ നിര്‍മിത നഗ്നചിത്രം പ്രചരിപ്പിച്ചു; യു.പിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നിര്‍മിതബുദ്ധിയുടെ സഹായത്തോടെ അധ്യാപികയുടെ നഗ്നചിത്രം മോര്‍ഫ് ചെയ്ത് നിര്‍മിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കേസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഐ.ടി.നിയമത്തിലെ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ എസ്.എച്ച്.ഒ മനീഷ് സക്‌സേന അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ചയാണ് പൊലീസീന് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്.

ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച വിവിധ ടൂളുകള്‍ ഉപയോഗിച്ചാണ് ഇവര്‍ അധ്യാപികയുടെ അശ്ലീല ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രതികള്‍ ചിത്രം പങ്ക് വെച്ചിട്ടുണ്ട്.

ചിത്രം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചണ്ഡീഗണ്ഡിലും ഈ കേസിന് സമാനമായ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയുടെ ചിത്രം എ.ഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് മോര്‍ഫ് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒട്ടനവധി സംഭവങ്ങങ്ങള്‍ ഈയടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. സോഷ്യല്‍ മീഡീയയിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങള്‍ ദിനംപ്രതി ഉണ്ടാകാറുണ്ട്. എന്നാല്‍ എ.ഐയുടെ കടന്നുവരവോട് കൂടി ഇത് വ്യാപകമായി. ഇത്തരത്തില്‍ എ.ഐ ഉപയോഗിച്ച് വ്യാജചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ഡീപ്‌ഫേക്ക്.

പ്രമുഖ ഇന്ത്യന്‍ സിനിമാ താരങ്ങളായ ആലിയ ഭട്ട്, രശ്മിക മന്ദാന, ഐശ്വര്യ റായ് എന്നിവരുടേയും ഇത്തരത്തിലുള്ള ഡീപ്‌ഫേക്ക് വീഡിയോകള്‍ പ്രചരിച്ചത് ഏറെ വാര്‍ത്തയായിരുന്നു.

രാഷ്ട്രീയ മേഖലയിലും ഡീപ്‌ഫേക്ക് വീഡിയോകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ രണ്‍വീര്‍ സിങ് തന്റെ വാരണാസി സന്ദര്‍ശനവേളയില്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസിനായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വൈറലായിരുന്നു.

എന്നാല്‍ ആ വീഡിയോയിലെ ദൃശ്യങ്ങള്‍ ഒറിജിനല്‍ ആയിരുന്നെങ്കിലും ശബ്ദം എ.ഐ.ഉപയോഗിച്ച് നിര്‍മിച്ചതായിരുന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും സംബന്ധിച്ച വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്‍വീര്‍ വിമര്‍ശിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഈ സംഭവത്തില്‍ രണ്‍വീര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

Content Highlight: Two students arrested in UP for posting AI generated obscene image of teacher

We use cookies to give you the best possible experience. Learn more