പത്തനംതിട്ടയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല
Kerala News
പത്തനംതിട്ടയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 2:28 pm

പത്തനംതിട്ട: തിരുവല്ല തുകലശേരിയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുകലശ്ശേരിയിലെ ഹോളി സ്പിരിറ്റ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ 35 അംഗങ്ങളുള്ള കന്യാസ്ത്രീ മഠം അടച്ചു. ഇരുവരും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമല്ല. എന്നാല്‍ ആശുപത്രിയില്‍ നിന്നാകാം രോഗം ബാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചത്.

ഒരാള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ സൈക്യാട്രി വാര്‍ഡിലും മറ്റേയാള്‍ ഇമ്മ്യൂണിറ്റി വാര്‍ഡിലുമാണ് ജോലി ചെയ്യുന്നത്.

ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കന്യാസ്ത്രീകളുടെ സമ്പര്‍ക്കപ്പട്ടിക പ്രകാരം 52 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീമഠത്തിലെ 35 പേരെയും ക്വാറന്റീനിലാക്കി.

പത്തനംതിട്ടയില്‍ ഉറവിടമറിയാത്ത കൊവിഡ് രോഗികള്‍ കൂടി വരുന്ന സാഹചര്യം കൂടിയുണ്ട്. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക