| Saturday, 6th December 2014, 9:44 am

എബോള ബാധിച്ച് ഒരേദിവസം രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്രീടൗണ്‍: സിയറ ലിയോണില്‍ എബോള ബാധിച്ച് ഒരേ ദിവസം രണ്ടു ഡോക്ടറുമാര്‍ മരിച്ചു. ഇതോടെ എബോള ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം പത്തായി.

306 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇതില്‍ 106 പേര്‍ സിയറ ലിയോണില്‍ നിന്നുള്ളവരാണ്. എബോള രോഗം ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ച ആഫ്രിക്കന്‍ രാജ്യം കൂടിയാണ് സിറാലിയോണ്‍.

ഡോക്ടര്‍മാരായ തോമസ് റോജറും ഡൗഗാ കോറോമയുമാണ് രോഗത്തെ തുടര്‍ന്ന് ഒരേ ദിവസം മരിച്ചത്. എബോള ക്ലിനിക്കിന്റെ പ്രവര്‍ത്തന രംഗത്ത് ഈ ഡോക്ടര്‍മാരുണ്ടായിരുന്നില്ല. ഇവര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

എബോളയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ രോഗം ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5,000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രക്തസാക്ഷികളാണ് എബോളയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്നാണ് പ്രസിഡന്റായ ഏണസ്റ്റ് ബൈ കൊറോമ വെള്ളിയാഴ്ച പറഞ്ഞത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 6,200 പേരാണ് എബോള ബാധിച്ച് ഇതുവരെ മരിച്ചത്. ലൈബീരിയ, സിയറ ലിയോണ്‍, ഗിനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ഏറെപ്പേരും.

അതിനിടെ, എബോളയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നൈജീരിയയില്‍ നിന്നുള്ള 175 പേരടങ്ങിയ മെഡിക്കല്‍ സംഘം ലൈബീരിയയിലും സിയറ ലിയോണിലുമെത്തി. പ്രാദേശിക തലത്തിലുള്ള ആരോഗ്യരംഗത്തെ ശക്തിപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുക.

We use cookies to give you the best possible experience. Learn more