| Thursday, 13th June 2024, 12:03 pm

യു.പിയില്‍ രണ്ട് മുസ്‌ലിം പുരോഹിതന്മാര്‍ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് മൂന്ന് മുസ്‌ലിം പുരോഹിതന്മാര്‍. യു.പിയിലെ പ്രതാപ്ഗഡില്‍ ജൂണ്‍ എട്ടിന് ജമിഅത്ത് ഉലമ-ഇ-ഹിന്ദ് പുരോഹിതന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി നടക്കുന്നത്. എന്നാല്‍ മൂന്ന് കൊലപാതകങ്ങള്‍ തമ്മിലും ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്‍ 11 ന് രണ്ട് ഇസ്‌ലാമിക പുരോഹിതന്മാര്‍ കൊല്ലപ്പെടുന്നത്.
മൊറാദാബാദില്‍ വെടിയേറ്റാണ് പുരോഹിതന്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തുവെച്ചായിരുന്നു വെടിയേറ്റത്. ഷാംലിയിലെ പുരോഹിതനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മൊറാദാബാദിലെ ബെന്‍സിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൗലാന മുഹമ്മദ് അക്രത്തിന്റെ മൃതദേഹം വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 40 കാരനായ മൗലാന അക്രം കഴിഞ്ഞ 15 വര്‍ഷമായി ബെന്‍സിയ ഗ്രാമത്തിലെ പ്രാദേശിക മസ്ജിദിന്റെ ഇമാമായിരുന്നു.

ചൊവ്വാഴ്ച രാവിലെയുള്ള നമസ്‌കാരത്തിന് മൗലാന അക്രം എത്താത്തത് കണ്ട് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെയുള്ള കെട്ടിടത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

മൗലാന അക്രത്തിന്റെ മൃതദേഹം ആദ്യം കണ്ടത് തന്റെ ഭാര്യയാണെന്ന് അയല്‍വാസിയായ യൂസഫ് പറഞ്ഞു. ‘പുലര്‍ച്ചെ 5:15 നാണ് കെട്ടിടത്തിന് സമീപത്തായി ഒരാള്‍ തറയില്‍ വീണ് കിടക്കുന്നത് എന്റെ ഭാര്യ കണ്ടത്. അവള്‍ വന്ന് എന്നോട് കാര്യം പറഞ്ഞു. ഞാന്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് അത് മൗലാനയാണെന്ന് മനസിലായത്,’ യൂസഫ് പറഞ്ഞു.

മൗലാനയെ ആരെങ്കിലും രാത്രി വൈകി ഫോണില്‍ വിളിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. ‘മൗലാന അക്രം അയാളുടെ വീടിനടുത്ത് തന്നെയാണ് വെടിയേറ്റുവീണത്. മൃതദേഹം ഞങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.. രാത്രിയില്‍ ആരോ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷം വെടിവെച്ചു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല,’ സിറ്റി പൊലീസ് സൂപ്രണ്ട് അഖിലേഷ് ബദോറിയ പറഞ്ഞു.

‘അദ്ദേഹം 15 വര്‍ഷമായി ഈ പള്ളിയുടെ ഇമാമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. രാംപൂര്‍ സ്വദേശിയായ അദ്ദേഹം ഇമാമായാണ് ഇവിടേക്ക് എത്തിയത്. അദ്ദേഹവുമായി ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഈ സംഭവം ഞങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്,’ ഗ്രാമ പ്രധാന് മുഹമ്മദ് ജബ്ബാര്‍ പറഞ്ഞു. ഭാര്യയും ആറ് മക്കളും അടങ്ങുന്നതാണ് മൗലാനയുടെ കുടുംബം.

അതേസമയം ഷാംലി ജില്ലയിലെ മുസ്‌ലിം പുരോഹിതനായ ഫസ്‌ലുര്‍ റഹ്‌മാന്റെ മൃതദേഹം തലയറുത്ത നിലയില്‍ വനപ്രദേശത്താണ് കണ്ടെത്തിയത്. 58 കാരനായ ഇമാമിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ജിന്‍ഝാനയ്ക്ക് സമീപമുള്ള ബല്ലാ മജ്ര ഗ്രാമത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്.

ഇയാളുടെ മകനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ‘ശരീരത്തില്‍ നിന്നും തല വെട്ടിമാറ്റിയ നിലയിലായിരുന്നു. 500 മീറ്റര്‍ അകലെയാണ് ശരീരഭാഗങ്ങള്‍ ഉണ്ടായിരുന്നത്.’ഷാംലി എസ്.പി അഭിഷേക് ഝാ പറഞ്ഞു. അതേസമയം ഇമാമിന്റെ മകന് കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളാണ് ഇദ്ദേഹത്തിന്റെ മകനെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പ്രതാപ്ഗഡിലെ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറിയും പുരോഹിതനുമായ മൗലാന ഫാറൂഖ് (67) ജൂണ്‍ 8 ശനിയാഴ്ച സോന്‍പൂര്‍ ഗ്രാമത്തില്‍ വെച്ചാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നെലായായിരുന്നു ആക്രമണം. ആ കേസിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Content Highlight: Two Separate Incidents Of Maulanas Killed In Uttar Pradesh

We use cookies to give you the best possible experience. Learn more