|

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും 31 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍:ചത്തീസ്ഗഡിലെ ബീജാപൂരിലെ ഇന്ദ്രാവതി ദേശീയ പാര്‍ക്ക് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചായി റിപ്പോര്‍ട്ട്. സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാസേന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടക്കത്തില്‍ 12 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന് വിവരം വന്നിരുന്നുവെങ്കിലും പിന്നീട് 31 പേര്‍ കൊല്ലപ്പെട്ടതായി ഐ.ജി ബസ്തര്‍ പി. സുന്ദര്‍രാജ് സ്ഥിരീകരിക്കുകയായിരുന്നു.

ഞായറാഴ്ച ഇന്ന് ഉച്ചയോടെ ഉണ്ടായ ഓപ്പറേഷനിലാണ് രണ്ട് ഉദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ ഒരു ഓഫീസറും സെപ്ഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സിലെ ഓഫീസറുമാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് ബസ്റ്റര്‍ ഡിവിഷനിലെ കേഡറുകള്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. സംസ്ഥാന പൊലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് ഫോഴ്‌സ്, എലൈറ്റ് യൂണിറ്റ് കോബ്ര എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സ്ഥലത്ത് മറ്റ് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടോയെന്ന തിരച്ചില്‍ നടത്തുന്നതായും കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയുന്നതിനായുള്ള ശ്രമത്തിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 31ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തിയതിനെ തുടര്‍ന്ന് എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Two security personnel and 31 Maoists were killed in an encounter in Chhattisgarh