| Thursday, 2nd January 2025, 6:33 pm

രണ്ട് സ്‌കൂളുകള്‍ക്ക് കായിക മേളയില്‍ വിലക്ക്; അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ട് സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷത്തെ കായിക മേളയില്‍ വിലക്ക്. എറണാകുളത്ത് നടന്ന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിലക്ക്. തിരുനാവായ നാവാ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശയുണ്ട്. വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധം നടത്തിയതിനെതിരെയാണ് ഇരു സ്‌കൂളുകളിലെയും ബന്ധപ്പെട്ട അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളത്ത് വെച്ച് നടന്ന പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ് മത്സരത്തില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രണ്ട് സ്‌കൂളുകള്‍ക്ക് ചാര്‍ജ് ഷീറ്റ് കൊടുക്കുകയും പിന്നാലെ അന്വേഷണം നടക്കുകയും ഉന്നതതല കമ്മറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചത്.

സമാപന ചടങ്ങിനിടെ തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ ഇരു സ്‌കൂളുകളും പ്രതിഷേധിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

പിന്നാലെ സ്‌കൂളുകളുടെ പ്രതിഷേധം ജനാധിപത്യപര വിരുദ്ധമായിരുന്നെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും സ്‌കൂള്‍ കായികമേള സംഘര്‍ഷത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കലാ-കായിക മേളകളില്‍ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകളെ വിലക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നതിന് പിന്നാലെയാണ് നടപടി.

Content Highlight: Two schools banned from sports fair; It is also recommended to take action against the teachers

We use cookies to give you the best possible experience. Learn more