സംഘി 1 കമലേഷ് ചോട്ടു – എട്ടാവാ – ഉത്തര്‍ പ്രദേശ്
( ഒരു ഫാഷിസ്റ്റ് രാഷ്ട്രീയസംഘടന എന്താണ് അതിന്റെ അണികള്‍ക്ക് ഓഫര്‍ ചെയ്യുന്നത്? സാമൂഹ്യഹിംസയുടെ സാദ്ധ്യതയും അതിനുള്ള രാഷ്ട്രീയ സംരക്ഷണവും – സോഷ്യല്‍ വയലന്‍സിനുള്ള അവസരം – ദീപക് ശങ്കര നാരായണന്‍ (FB) )
” ഭായ്, പണ്ടത്തെ പോലെയല്ല , നാട്ടുകാര്‍ക്ക് ഇപ്പോള്‍ എന്നെ ചെറുതായി പേടി ഒക്കെയുണ്ട് , കുറച്ചു ബഹുമാനവും, ഇപ്പോഴാണ് ഞാന്‍ ഇവിടെയുണ്ടെന്ന് എല്ലാവരും അറിഞ്ഞു തുടങ്ങിയത് ” , കമലേഷ് ചോട്ടു എന്ന കമലേഷ് ഉത്തര്‍പ്രദേശിലെ എട്ടാവാ എന്ന കൊച്ചു നഗരത്തിലെ ഒരു ഹോട്ടലില്‍ പാര്‍ട്ടൈം റൂംബോയ് ആണ്. മുമ്പ് കണ്ടതിനു ശേഷം കയ്യിലെ ചരടുകളുടെ എണ്ണം കുറെ കൂടിയിട്ടുണ്ട് , നെറ്റിയിലെ കുറിയുടെ വലിപ്പവും .
അങ്ങനെയല്ലല്ലോ ഷൈജുമോന്‍ പറയാറുള്ളത് , ” മോഡി വന്നതിനു ശേഷം മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ചെറുതായി പേടി ഒക്കെ ഉണ്ട് , കുറച്ചു ബഹുമാനവും , ഇപ്പോഴാണ് ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടെന്നു എല്ലാവരും അറിഞ്ഞു തുടങ്ങിയത് ” ഇതല്ലേ കമലേഷ് ശരിക്കും പറയേണ്ടിയിരുന്നത് ?
അഞ്ചാറു കുട്ടികളുള്ള ഒരു മാര്‍ബിള്‍ പണിക്കാരന്റെ നാലാമത്തെ മകനാണ് കമലേഷ്. ആറാം ക്ലാസ്സില്‍ വച്ച് പഠിത്തം നിര്‍ത്തി. അതിനു ശേഷം എവിടെങ്കിലുമൊക്കെ ചെറിയ കൂലിക്ക് കിട്ടാവുന്ന ജോലിയൊക്കെ ചെയ്തു ജീവിക്കുന്നു. ഷൈജുമോന്റെ അതെ പ്രായം , ഇരുപത്തേഴു . ഇത് വരെ ഗേള്‍ ഫ്രണ്ട് ഒന്നും ഇല്ല . അടുത്ത കാലത്തൊന്നും കല്യാണം കഴിക്കാന്‍ പറ്റും എന്ന് വിശ്വാസമില്ല. കോളേജിന്റെയും സിനിമ തിയേറ്ററിന്റെയും മുമ്പില്‍ വായ്‌നോക്കുന്നതും കമന്റ് അടിക്കുന്നതും ആണ് ആകെയുള്ള സ്ത്രീ സമ്പര്‍ക്കം. പുച്ഛത്തോട് കൂടിയല്ലാതെ ഒരു പെണ്‍കുട്ടിയും ഇതുവരെ കമലേഷിനെ നോക്കിയിട്ടില്ല. നാട്ടുകാര്‍ക്ക് മുമ്പില്‍ ഒരു വിലയുമില്ലാത്ത പൊങ്ങു തടി പോലെ ഒരു ജീവിതം .
ഈ അവസ്ഥയാണ് മോദിയുടെ വരവോടു കൂടി മാറിയത്, അതിന്റെ സന്തോഷമാണ് കമലേഷ് ഇപ്പോള്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് .
ജോലി കഴിഞ്ഞു കമലേഷും കുറച്ചു സുഹൃത്തുക്കളും ദിവസവും ഔട്ടര്‍ സിറ്റിയിലുള്ള ഹൈവേയ്ക്കരികില്‍ നില്‍ക്കും, കയില്‍ മുളവടി , വടിവാള്‍, ഉലക്ക തുടങ്ങിയ ആയുധങ്ങളുമുണ്ടാവും. എല്ലാവരും കാവി ഷാള്‍ അല്ലെങ്കില്‍ ഉറുമാല്‍ ധരിച്ചിട്ടുണ്ടാകും. ഒളിച്ചൊന്നുമല്ല , പരസ്യമായി, പോകുന്ന വണ്ടികള്‍ക്കെല്ലാം കയ്യുയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചാണ് നില്‍പ്. അങ്ങനെ കുറെ നില്‍ക്കുമ്പോള്‍ പശു, കാള, എരുമ തുടങ്ങി എന്തെങ്കിലും ഒരു മൃഗത്തെ കയറ്റിയ ഒരു ലോറി അത് വഴി വരും . എല്ലാവരും ചേര്‍ന്ന് വണ്ടി നിര്‍ത്തും . മിക്കവാറും വണ്ടിയില്‍ ഡ്രൈവര്‍ അല്ലെങ്കില്‍ ക്ലീനര്‍ ഒരു മുസ്‌ലിം ആയിരിക്കും. പിന്നെ അടിയുടെ പൂരം ആണ്, കൂടെ മുദ്രാവാക്യം വിളിയും. ഭാരത് മാതാ കീ ജയ്, ജയ് മോഡി ജീ, ജയ് ഭജ്രംഗ്വാലി, ജയ് ശ്രീറാം. ഈ സമയത്തു കൂട്ടത്തില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തു വാട്‌സപ്പ് , ഫേസ്ബുക് എന്നിവയില്‍ അപ്ലോഡ് ചെയ്യുന്നുണ്ടാവും. ഫേസ്ബുക് ലൈവ് അന്നത്ര വ്യാപകമല്ല .
Read more: മോദീ, പാര്‍ട്ടി പ്രവര്‍ത്തകരെ നിങ്ങള്‍ നിലക്കുനിര്‍ത്തണം: അഭിഭാഷക ദീപിക സിങ് സംസാരിക്കുന്നു
കമലേഷ് അങ്ങനെ നാട്ടിലെ ഹീറോ ആയി .
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, കമലേഷ് നിരാശയിലാണ്. “ഭായ് , ഇപ്പൊ മുസ്‌ലിംകളാരും മൃഗങ്ങളെ കയറ്റിയ വണ്ടിയില്‍ വരുന്നില്ല , ഒരു മാസം കാത്തു നിന്നാല്‍ ഒരുത്തനെ തല്ലാന്‍ കിട്ടിയാല്‍ ഭാഗ്യം, മുതലാവില്ല ഭായ്”. അത് മാത്രമല്ല, പിടിച്ചെടുത്ത പശുക്കളെ ഗോശാലക്കാര്‍ ഇപ്പൊ സ്വീകരിക്കുന്നില്ല , നാട്ടില്‍ കറവ വറ്റിയ പശുക്കള്‍ അലഞ്ഞു തിരിയാന്‍ തുടങ്ങി. അലഞ്ഞു തിരിയുന്ന പശുക്കള്‍ വിളവ് നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ക്ക് കമലേഷിനെ ദേഷ്യമായി തുടങ്ങി. തല്ലു കൊള്ളേണ്ട മുസ്‌ലിംങ്ങള്‍ ഒരു പ്രതിരോധത്തിനും നിക്കാത്തതു കൊണ്ടുള്ള നിരാശ വേറെയും. മുണ്ടക്കല്‍ ശേഖരനില്ലാതെ എന്ത് മംഗലശ്ശേരി നീലകണ്ഠന്‍ ?
ഏകദേശം ആ സമയത്തു യോഗി യുഗം ആരംഭിച്ചു. കമലേഷിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ വന്നു. റോമിയോ സ്‌ക്വാഡ് – അതാണിപ്പോള്‍ കമലേഷിന്റെ റോള്‍. വല്യ പണിയില്ല, ഹൈവേയില്‍ പോയി കാത്തു നിക്കണ്ട, ഏതെങ്കിലും ചെറുപ്പക്കാരനും പെണ്‍കുട്ടിയും ഒന്നിച്ചു നടക്കുന്നത് കണ്ടാല്‍ ചൂരല്‍ കൊണ്ട് തല്ലുക, ജീന്‍സിട്ടു പെണ്ണുങ്ങളെ കണ്ടാല്‍ അസഭ്യം പറയുക അത്രയേയുള്ളൂ ജോലി. ഹീറോ ലൈഫ് .
എന്നാലും ഒരു ത്രില്ല് പോരാ. ആളുകളെ വളഞ്ഞിട്ടു തല്ലുന്ന ആ ഫില്‍ കിട്ടുന്നില്ല .
അങ്ങനെയാണ് കമലേഷും കൂട്ടുകാരും ദളിതുകളെ തല്ലാന്‍ ആരംഭിക്കുന്നത്. അത് മുസ്‌ലിംകളെ തല്ലുന്നത് പോലെ എളുപ്പമല്ല . ദലിതുകള്‍ തിരിച്ചു തല്ലും, പോരാത്തതിന് കേസും വരും. ജാമ്യമില്ലാത്തതാണ് വകുപ്പ്. ഇരുട്ടിയാല്‍ അംബേദ്കറുടെ പ്രതിമക്ക് കാവി കളറടിക്കുന്ന പരിപാടിയൊന്നും ഫേസ്ബുക്കിലിടാന്‍ പറ്റില്ല, കേസ് ആവും. അപ്പോഴാണ് വേറൊരു സംഘപരിവാറുകാരന്‍ തോക്കെടുത്ത് ദളിതന്മാരെ വെടി വെക്കുന്ന വാട്‌സാപ്പ് മെസ്സേജ് കാണുന്നത് .
അവസാനമായി കമലേഷിനെ കാണുമ്പോള്‍ ഒരു തോക്ക് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് കമലേഷും കൂട്ടുകാരും .
Read more: ‘ മുസ്‌ലിമിനെ വിവാഹം ചെയ്ത് മകന് തൈമൂര്‍ എന്ന പേരിട്ട നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നണം’; കത്‌വ പെണ്‍കുട്ടിക്ക് നീതി തേടിയ കരീന കപൂറിനെതിരെ ആക്രോശവുമായി ഹിന്ദുത്വവാദികള്‍
പക്ഷെ , ഇപ്പോഴത്തെ നോര്‍ത്ത് ഇന്ത്യന്‍ സംഘി ട്രെന്‍ഡ് നോക്കുമ്പോള്‍ കമലേഷ് പുതിയ ജോലി തുടങ്ങിക്കാണും. മോദിയുടെ മൗനാനുവാദവും യോഗിയുടെ സംരക്ഷണവും ഒരുമിച്ചു ലഭിക്കുന്ന ഉഗ്രന്‍ ജോലി – ബലാല്‍സംഗം . ഇനി കാണുമ്പോള്‍ ചോദിക്കണം .
സംഘി 2 ഷൈജുമോന്‍ . പയ്യോളി , കേരളം
( “പ്രോപഗണ്ടയുടെ രഹസ്യം ഇതാണ് , പ്രൊപോഗണ്ട അടിച്ചേല്പിക്കപെടുന്നവര്‍ അതില്‍ പൂര്‍ണമായും മുങ്ങി താണു കൊണ്ടേയിരിക്കണം . അവര്‍ പോലുമറിയാതെ “: ഗീബല്‍സ് )
കമലേഷിനെ പോലെത്തന്നെ 2013-14 കാലത്താണ് ഷൈജുമോനും സംഘിയായത്. ബീഫ്‌ഫ്രൈയും പൊറോട്ടയും കഴിക്കുമ്പോള്‍ ഹോട്ടലിലിരുന്ന് ഷൈജു എന്നോട്. “ഇക്കാ , മോദിക്ക് വോട്ടു ചെയ്യണം, മോഡി ഇന്ത്യയെ സൂപര്‍ പവര്‍ ആക്കും , അമേരിക്കയെ പോലെ ”
അന്നൊന്നും ഷൈജു ശ്രീ മോഡി ജി എന്ന് പറഞ്ഞു തുടങ്ങിയിട്ടില്ല. വെറും മോഡി. ഭാരതം അല്ല , വെറും ഇന്ത്യ .
കമലേഷിനെ പോലെയല്ല ഷൈജുമോന്‍. ഇന്ത്യ ഒരു സൂപര്‍ പവര്‍ ആകണം, ചൈനയെ യുദ്ധത്തില്‍ തോല്‍പിക്കണം തുടങ്ങിയ ആഗ്രഹങ്ങളൊക്കെയുണ്ട് . ജനഗണമന കാണാതെ അറിയാം, വന്ദേ മാദരത്തിന്റെ ആദ്യ വരിയും .
“പക്ഷെ അമേരിക്കയെ പോലെ ഇന്ത്യന്‍ ഇക്കോണമി ആകണമെങ്കില്‍ 12% വച്ച് 20 കൊല്ലം ഇന്ത്യന്‍ ജിഡിപി വളരണം ” ഞാന്‍ .
“അതൊക്കെ മോഡി ഈസിയായി ചെയ്യും, ഗുജറാത്തിലെ ഡെവലെപ്‌മെന്റ് നിങ്ങളൊക്കെ ഒന്ന് പോയി കാണണം ” ഷൈജു
“ഞാന്‍ ഗുജറാത്തില്‍ പോയിട്ടുണ്ട് , നീ പോയിട്ടുണ്ടോ ? അവിടുത്തെ HDI കേരളത്തെക്കാളും 11 റാങ്ക് താഴെയാണ് ” ഞാന്‍
“അതൊക്കെ നിങ്ങള്‍ പുസ്തകം വായിക്കുന്നവര്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ ?” കമലേഷിനെ പോലെ ഷൈജുമോനും പുസ്തകം വായിക്കുന്നവരെ പരമ പുച്ഛം ആണ് . വാട്‌സപ്പിലാണ് വായന മുഴുവന്‍ .
“എന്തിനാ പോകുന്നത് , ഇത് കണ്ടാല്‍ പോരെ ” ഷൈജു മൊബൈലില്‍ പത്തിരുപത് ഫോട്ടോകള്‍ കാണിച്ചു തന്നു. ദുബൈയും ഹോങ്കോങ്ങും ഫോട്ടോഷോപ്പ് ചെയ്ത നല്ല ഒന്നാന്തരം ഗുജറാത്ത് .
പിന്നെ ഞാന്‍ ഷൈജുവിനെ കാണുമ്പോള്‍ കയ്യില്‍ അഞ്ചു പത്തു ചരടുണ്ട്. നെറ്റിയില്‍ വലിയ ഒരു കുറിയുണ്ട്. മോഡി മാറി പ്രധാനമന്ത്രി ശ്രീ മോഡി ജി ആയിട്ടുണ്ട്, ഇന്ത്യ മാറി ഭാരതം ആയിട്ടുണ്ട്. ഫേസ്ബുക് പ്രൊഫൈല്‍ പ്രൗഡ് ഇന്ത്യന്‍ ആയിട്ടുണ്ട്. വാട്‌സ്ആപ്പില്‍ ആണ് ജീവിതം .
ഷൈജുവിന്റെ അച്ഛന്‍ ഒരു കോണ്‍ക്രീറ്റ് പണിക്കാരനാണ്, കമ്യൂണിസ്റ്റുകാരനും. പക്ഷെ ഷൈജു പരമാവധി പ്രതീക്ഷകള്‍ കൊടുത്തിട്ടുണ്ട് പാവത്തിന് . 2004ല്‍ മന്‍മോഹന്‍ സിങ് ഭരണം തുടങ്ങുമ്പോള്‍ 250 രൂപയായിരുന്നു അച്ഛന്റെ കൂലി, പിന്നീട് കൂടി കൂടി 2014 ആവുമ്പോഴേക്ക് രൂപ 850 വരെയായി. അതിനിടക്ക് മോട്ടോര്‍ ബൈക്ക് , മൊബൈല്‍ , ചെറിയ ഒരു തുണ്ടു ഭൂമി എന്നിവ വാങ്ങി. മോദിയുടെ 5 വര്‍ഷം കഴിയുമ്പോള്‍ കൂലി 3000 രൂപ കവിയുമെന്നും നമുക്കൊരു കാര്‍ വാങ്ങാന്‍ കഴിയുമെന്നും ആണ് ഷൈജു അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് .
മൂന്നു മൂന്നര വര്‍ഷം കടന്നു പോയി, നോട്ടു നിരോധനവും ജി.എസ്.ടിയും വന്നു പോയി. ഷൈജുവിന്റെ അച്ഛന് കൂലി കൂടിയില്ല എന്ന് മാത്രമല്ല ഇപ്പോള്‍ ആഴ്ചയില്‍ ശരാശരി മൂന്നു ദിവസത്തില്‍ കൂടുതല്‍ ജോലിയുമില്ല. മന്‍മോഹന്‍ സിംഗിന്റെ കാലത്തു വാങ്ങിയ മോട്ടോര്‍ സൈക്കിളില്‍ പെട്രോള്‍ അടിക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും ഷൈജുവിന് പൈസ കൊടുക്കാന്‍ ഇപ്പോള്‍ അച്ഛന് പാങ്ങില്ല.
പിന്നെ ഞാന്‍ കാണുമ്പോള്‍ ഷൈജുവിന് ഭാരതം സൂപര്‍ പവര്‍ ആകും എന്ന പ്രതീക്ഷയെല്ലാം അസ്തമിച്ചു കഴിഞ്ഞിരുന്നു . കുറച്ചു ദിവസം യോഗ ചെയ്യാന്‍ പോയി, ബോറടിച്ചു നിര്‍ത്തി. സ്വച്ഛ് ഭാരത പരിപാടിക്ക് കടപ്പുറം വൃത്തിയാക്കാന്‍ രണ്ടു ദിവസം പോയി അതും മടുത്തു . ഹിന്ദുക്കളുടെ അഭിമാനം രക്ഷിക്കുക, മഹത്തായ ഭാരത പാരമ്പര്യം കാത്തു സൂക്ഷിക്കുക തുടങ്ങിയവയാണിപ്പോള്‍ ഷൈജുവിന്റെ പ്രധാന ജോലികള്‍. ബാബ രാംദേവിന്റെ ന്യൂഡില്‍സ് ഇടയ്ക്കിടെ കഴിക്കാറുണ്ടെങ്കിലും പൊറോട്ടയും ബീഫും തന്നെയാണിപ്പോഴും ഇഷ്ട ഭക്ഷണം .
ഷൈജുവിന്റെ വീട്ടില്‍ പശുവുണ്ട്. പശു ഓക്‌സിജനാണ് പുറത്തു വിടുന്നതെന്നും ഗോമൂത്രം ഔഷധമാണെന്നും ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്നും ഷൈജുവിനറിയാം . കാളയുടെ കൊമ്പിനിടയില്‍ ഒരു എഫ് എം റേഡിയോ വച്ച് നോക്കി അവിടെ റേഡിയോ തരംഗങ്ങള്‍ ഏശില്ല എന്ന് തെളിയിക്കുന്ന ഒരു ഫേസ്ബുക് ലൈവ് ചെയ്യണം എന്ന് ഷൈജുവിനുണ്ട്. പക്ഷെ ഷൈജുവിന് ചാണകത്തിന്റെ നാറ്റം ഇഷ്ടമല്ല . തൊഴുത്തു വൃത്തിയാക്കുന്നതും പശുവിനെ കുളിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റുകാരനായ അച്ഛനാണ് . എന്നിട്ടും നാട്ടുകാര്‍ തന്നെ ചാണക സംഘി എന്ന് വിളിക്കുന്നതെന്തിനാണെന്നു ഷൈജുവിന് മനസ്സിലായിട്ടില്ല .
കമലേഷിനെപോലെ ഷൈജുവിനും ഇരുപത്തേഴു വയസ്സായി . ഇതുവരെ ഒരു ഗേള്‍ ഫ്രണ്ട് ഇല്ല. ഒരു മുപ്പത്തിരണ്ട് വയസ്സെങ്കിലും ആകാതെ കല്യാണം കഴിപ്പിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുമെന്നു തോന്നുന്നുമില്ല . ഇനി കല്യാണം കഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ വിദ്യാഭ്യാസമില്ലാത്ത ഷൈജുവിനെ കെട്ടാന്‍ ഒരു പെണ്‍കുട്ടിയും തയ്യാറാവില്ല എന്ന് ഷൈജുവിന് തന്നെ ഉറപ്പാണ്. ഹാര്‍വാര്‍ഡിനേക്കാള്‍ ഭയങ്കരം ഹാര്‍ഡ്വര്‍ക്കാണ് എന്ന മോദിജിയുടെ മഹദ്വചനം മനസ്സിലാക്കാന്‍ മാത്രം വിവരമുള്ള ഒരു പെണ്‍കുട്ടിയും കേരളത്തിലുണ്ടെന്നു തോന്നുന്നില്ല .
മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് പത്തു മിനുട്ടു കൊണ്ട് ഒരു ഹിന്ദു പെണ്‍കുട്ടിയെ വശീകരിക്കാന്‍ സാധിക്കും എന്ന് ശശി കല ടീച്ചര്‍ പറഞ്ഞിട്ടുണ്ട് . ഒരു പാട് മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്ന ഷൈജുവിന് ആ ഒരു ട്രിക്ക് മാത്രം ആരും പറഞ്ഞു കൊടുത്തില്ല. ഇനിയിപ്പോ ചോദിക്കാമെന്ന് വച്ചാല്‍ പത്തിരുപത് ചരട് കയ്യില്‍ കെട്ടി വല്യ ഒരു കുറിയും തൊട്ടു നടക്കുന്ന ഷൈജുവിന് ആര് പറഞ്ഞു കൊടുക്കാന്‍, ഒരുത്തനെയും വിശ്വസിക്കാന്‍ കൊള്ളില്ല .
ഒരാണും പെണ്ണും കൈപിടിച്ച് നടക്കുന്നത് കണ്ടാല്‍ ഷൈജുവിന്റെ ചോര തിളക്കാന്‍ തുടങ്ങും. എറണാകുളത്തു മറൈന്‍ ഡ്രൈവില്‍ തന്റെ സഹപ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ അടിച്ചോടിക്കുന്നതു കണ്ടപ്പോള്‍ ഷൈജുവിന് സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും പറ്റിയില്ല . പക്ഷെ പിണറായി പോലീസ് എല്ലാവരെയും പിടിച്ചകത്തിട്ടു, വിവരമില്ലാത്ത മലയാളികള്‍ അവരെയൊന്നും കാര്യമായി സപ്പോര്‍ട്ട് ചെയ്തുമില്ല . ഒരു റോമിയോ സ്‌ക്വാഡ് ഒരു കാലത്തും കേരളത്തില്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ആദിത്യ നാഥിനെ പോലെ ഒരു മുഖ്യ മന്ത്രിയെ കിട്ടാന്‍ പുണ്യം ചെയ്യണം. ഇവിടെ പരമാവധി ഫേസ്ബുക്കില്‍ ഫെമിനിച്ചികളെ തെറി വിളിക്കാം. തല വിധി.
ഒരു ബന്ദ് ദിവസം ഒരുത്തനെ വളഞ്ഞിട്ടു തല്ലിയതിനു കുമ്മനത്തിനു മാപ്പു പറയേണ്ടി വന്ന സംസ്ഥാനമാണിത് , യൂപ്പീയായിരുന്നേല്‍ കാണാമായിരുന്നു.
ഉത്തര്‍ പ്രദേശ് പോലുള്ള ഒരു കേരളം , യോഗിയെ പോലെ ഒരു മുഖ്യമന്ത്രി , ആരെയും തല്ലാനും ബലാല്‍സംഗം ചെയ്യാനുമുള്ള അവകാശം , അത്രയേയുള്ളൂ ഷൈജുവിനു ഇപ്പോള്‍ ആഗ്രഹം. ആ സ്വപ്നത്തിന്റെ സാഫല്യത്തിന് വേണ്ടി എത്ര വാട്‌സാപ്പ് മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യാനും ഷൈജുമോന്‍ റെഡി .