കാസര്‍കോഡ്: ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. അശ്വിന്‍, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. സോങ്കാലിലെ ഒളിസങ്കേതത്തില്‍ നിന്ന് കുമ്പള സി.ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. പിടിയിലായവരെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യംചെയ്യുകയാണ്. ഇന്ന് വൈകീട്ടോടെ മാത്രമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. ചൊവ്വാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.
അതേസമയം, കൊല്ലപ്പെട്ട സിദ്ധീഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ ഉപ്പളയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. കൊലപാതക സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന.
കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് രണ്ടുമണിമുതല്‍ മഞ്ചേശ്വരം താലൂക്കില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.
പ്രകോപനമില്ലാതെയാണ് ആര്‍.എസ്.എസ് സംഘം അക്രമം അഴിച്ചു വിട്ടതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു
ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ വെച്ചാണ് സിദ്ധീഖിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.