| Tuesday, 23rd November 2021, 11:27 am

റോഹന്‍ഗ്യന്‍ കുടുംബങ്ങള്‍ക്ക് ഐ.എസുമായി ബന്ധമില്ല; ബി.ജെ.പി നേതാവിന്റെ ഹരജിയില്‍ മറുപടി നല്‍കി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍പറ്റയില്‍ താമസിക്കുന്ന മ്യാന്‍മാറില്‍ നിന്നും വന്ന റോഹന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റുമായി യാതോരു ബന്ധവുമില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേരളം.

ഈ കുടുംബങ്ങളെ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും വയനാട് ജില്ലാ പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. ദേശവിരുദ്ധമായ ഒരു പ്രവര്‍ത്തിയോ അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളോ ഇവര്‍ക്കെതിരെ ഉണ്ടായിട്ടില്ലെന്നും കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് നിന്നും അനധികൃത റോഹന്‍ഗ്യന്‍, ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാട് കടത്തണമെന്ന ബി.ജെ.പി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയുടെ ഹരജിയില്‍ മറുപടി നല്‍കവേയാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തുടന്നീളം ഈ വര്‍ഷം തന്നെ ഈ നടപടികള്‍ സ്വീകരിക്കണമെന്നും അശ്വനി കുമാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കല്‍പറ്റയുടെ പരിധിക്കുള്ളില്‍ നിന്നും സംശയാസ്പദമായി യന്ത്രങ്ങളോ മറ്റെന്തങ്കിലുമോ സ്ഥാപിച്ചതായോ കണ്ടെത്തിയിട്ടില്ലെന്നും കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു. 1956 ലെ ഇമ്മോറല്‍ പ്രിവന്‍ഷന്‍ ആക്ട് പ്രകാരം സംസ്ഥാനത്തെ അനധികൃത റോഹന്‍ഗ്യന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്കെതിരെയോ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംസ്ഥാനത്ത് അതിര്‍ത്തി കടന്ന് വന്നിട്ടുള്ള ഒരു ഭീഷണിയും നിലനില്‍ക്കുന്നില്ല.

മ്യാന്‍മാറിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സ്വദേശം വിട്ട് കേരളത്തിലെത്തി ചേര്‍ന്ന രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള 12 റോഹന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കും യു.എന്‍.എച്ച്.സി.ആര്‍ കാര്‍ഡ് ഉണ്ടെന്ന് കേരളം പറഞ്ഞു. ഈ കുടുംബങ്ങളില്‍ രണ്ട് നവജാതശിശുക്കളുമുണ്ട്. ഇവരില്‍ ഒരാളുടെയൊഴികെ മറ്റ് 11 പേരുടെയും യു.എന്‍.എച്ച്.സി.ആര്‍ കാര്‍ഡുകള്‍ പുതുക്കിയെന്നും നവംബര്‍ 19 ന് കേരളം അറിയിച്ചു.

മാഹാമാരി നിലനില്‍ക്കുന്നതിനാലും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും ഇവര്‍ക്ക് ചെന്നെയില്‍ പോയി കാര്‍ഡ് പുതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അനധികൃത രേഖകളുമായി ആരെങ്കിലും വന്നിട്ടുണ്ടോ എന്നറിയുന്നതിനായി പശ്ചിമബംഗാള്‍, അസം, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കേരളം അറിയിച്ചു.

70 ബംഗ്ലാദേശികളെ കണ്ടെത്തിയതില്‍ 57 പേരെ നാട് കടത്തിയെന്നും 13 പേരുടെ നടപടികളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 217 പാക്കിസ്ഥാനികളും കേരളത്തില്‍ താമസിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: two-rohingya-families-have-no-links-to-is-or-isi-kerala

We use cookies to give you the best possible experience. Learn more