| Sunday, 4th August 2024, 9:58 am

താജ്മഹലിൽ ഗംഗാജലം ഒഴിച്ച് ഹിന്ദുമഹാസഭ; രണ്ട് പേർ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: താജ്മഹലിലും പരിസര പ്രദേശങ്ങളിലും ഗംഗാജലം തളിച്ച ഹിന്ദുമഹാസഭാ അംഗങ്ങളായ യുവാക്കൾ അറസ്റ്റിൽ. താജ് മഹൽ ഹിന്ദു ക്ഷേത്രമാണെന്ന അവകാശവാദവുമായാണ് അവർ എത്തിയത്. താജ്മഹലിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് ആഗ്ര പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച തന്നെ യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന് ആഗ്ര സിറ്റി ഡെപ്യുട്ടി പൊലീസ് കമ്മിഷണർ സൂരജ് കുമാർ റായ് മാധ്യമങ്ങളോട് പറഞ്ഞു. വിനോദ സഞ്ചാരികളെന്ന വ്യാജേനെയാണ് യുവാക്കൾ താജ്മഹലിനകത്തേക്ക് കടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ഇവർ താജ്മഹലിലും പരിസരത്തും വെള്ളം തളിക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇതേ തുടർന്ന് പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ആഗ്രയിലെ താജ്‌ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിനീഷ്, ശ്യാം എന്നിവരാണ് ഗംഗാജലവുമായി താജ്മഹലിൽ പ്രവേശിച്ചത്. സ്മാരകത്തിൽ പ്രവേശിച്ച അവർ പ്രധാന ശവകുടീരത്തിനുള്ളിലെ നിലവറയുടെ വാതിലുകളിൽ ഗംഗാ ജലം ഒഴിക്കുകയായിരുന്നു.

ഹിന്ദു സംഘടനയായ അഖില ഭാരതി ഹിന്ദു മഹാസഭ അറസ്റ്റിലായവർ തങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഇരുവരെയും ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്.

‘അവർ ഞങ്ങളുടെ അംഗങ്ങളാണ്. അത് താജ്മഹൽ അല്ല മറിച്ച് തേജോ മഹാലെ ആണ്. തേജോ മഹാലെ ഒരു ഹിന്ദു ക്ഷേത്രമാണ്. അതിനാൽ ഇരുവരും ക്ഷേത്ര പരിസരത്ത് വിശുദ്ധ ഗംഗാജലം അർപ്പിക്കുകയായിരുന്നു,’ ഹിന്ദു മഹാ സഭ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 , 298 (ആരാധനാലയങ്ങൾ അശുദ്ധമാക്കാൻ ശ്രമിക്കുക), 299 (മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം പ്രവർത്തനങ്ങളിൽ ഏർപ്പെടുക) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

താജ്മഹലിൽ ഗംഗാജലം തളിക്കാൻ ഒരു സ്ത്രീ ശ്രമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം നടക്കുന്നത്. ശിവൻ തന്റെ സ്വപ്നത്തിൽ വന്നെന്നും തേജോ മഹാലിൽ ഗംഗാ ജലം തളിക്കാൻ ആവശ്യപ്പെട്ടെന്ന വാദവുമായായിരുന്നു സ്ത്രീ എത്തിയത്.

എന്നാൽ അധികൃതർ അവരെ തടയുകയും തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു.

Content Highlight: Two right-wing outfit members arrested for offering ‘gangajal’ at Taj Mahal

We use cookies to give you the best possible experience. Learn more