ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
national news
ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 7:13 pm

ചണ്ഡീഗഡ്: ഹരിയാനയില്‍ രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ നിനാ രാത്തി, ഹരിയാന കിസാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ സത്പാല്‍ രാത്തി എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബറാല ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി. കര്‍ണാടകയിലും ഒരു കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് നേതാവായ തിമ്മണയ്യയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പീനിയ മേഖലയിലെ പ്രമുഖ നേതാവാണ് തിമ്മണയ്യ. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നതിന്റെ തുടര്‍ച്ചയാണോ ഇത് എന്ന ചര്‍ച്ച സംസ്ഥാനത്ത് ഉടലെടുത്തിട്ടുണ്ട്.

കര്‍ണാടകത്തിലെ ബി.ജെ.പിയില്‍ താനും സഹോദരന്‍ ഉമേഷ് ഖട്ടിയും കാലങ്ങളായി പീഡനം അനുഭവിക്കുകയാണെന്ന് മുന്‍ എം.പിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രമേഷ് ഖട്ടി പറഞ്ഞിരുന്നു. ഉമേഷ് ഖട്ടിയുടേയും രമേഷ് ഖട്ടിയുടെയും നേതൃത്വത്തില്‍ ബി.ജെ.പിയുടെ ഒരു വിഭാഗം എം.എല്‍.എമാര്‍ രഹസ്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഈ പ്രതികരണം.

തമ്മിലടി കാരണം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പ്രതികരിച്ചത്. ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത് പോലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെക്കില്ലെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ തമ്മിലടി കാരണം താഴെ വീഴുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക