| Monday, 8th August 2022, 1:13 pm

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടരയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അബിദ്, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ ആറ് പേരാണ് കേസില്‍ അറസ്റ്റിലായത്. ഇരുവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

കേസില്‍ അന്വേഷണം നേരത്തെ എന്‍.ഐ.എക്ക് കൈമാറിയിരുന്നു. എന്‍.ഐ.എ അന്വേഷണം തുടങ്ങാനിരിക്കേയാണ് പുതിയ അറസ്റ്റുകളുണ്ടായത്.

ജൂലൈ 27ന് കേരള കര്‍ണാടക അതിര്‍ത്തിക്ക് സമീപം ബെല്ലാരിയില്‍ വെച്ചായിരുന്നു പ്രവീണ്‍ കൊല്ലപ്പെട്ടത്. സ്ഥലത്ത് കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മംഗളൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍.

ആസൂത്രിത കൊലപാതകമെന്നാണ് ബി.ജെ.പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19 കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുകയാണ്.

പ്രവീണ്‍ കൊലപാതകത്തിന് പിന്നാലെ പൂത്തൂരു സൂറത്കല്‍ മംഗലപ്പട്ട സ്വദേശി ഫാസില്‍ കൊല്ലപ്പെട്ടിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമായിരുന്നു യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ എന്നതില്‍ വ്യക്തമല്ല.

Content Highlight: two popular front workers arrested regarding the murder of yuvamorcha

Latest Stories

We use cookies to give you the best possible experience. Learn more