| Wednesday, 25th January 2023, 9:50 am

പോക്‌സോ കേസ് പ്രതി ഓടിരക്ഷപ്പെട്ട സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെടുങ്കണ്ടം: ഇടുക്കിയില്‍ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതിക്കൊപ്പമുണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാനു എം. വാഹിദ്, ഷമീര്‍ കെ.ബി എന്നിവരെയാണ് അന്വേഷണവിധേയമായി ഇടുക്കി എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസ് തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും രക്ഷപ്പെട്ട പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച രാത്രിയായിരുന്നു നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഇരയുടെ അച്ഛനാണ് രക്ഷപ്പെട്ടത്.

പ്രതിയെ കൊണ്ടുപോകുമ്പോള്‍ ആവശ്യത്തിന് പൊലീസുകാര്‍ ഒപ്പമുണ്ടായിരുന്നില്ല എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ കുറഞ്ഞത് അഞ്ച് പൊലീസുകാര്‍ ഉണ്ടായിരിക്കേണ്ടതാണ് എന്നാണ് ചട്ടം. എന്നാല്‍ പ്രതിക്കൊപ്പം ഇപ്പോള്‍ സസ്‌പെന്‍ഷനിലായിരിക്കുന്ന രണ്ട് പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ആവശ്യത്തിന് പൊലീസുകാര്‍ എസ്‌കോര്‍ട്ടില്ലാതിരുന്നതാണ് പ്രതി രക്ഷപ്പെടാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അതിനാല്‍ നെടുങ്കണ്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) സംഭവത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കട്ടപ്പന ഡി.വൈ.എസ്.പിയോട് ഇടുക്കി എസ്.പി നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് എസ്.എച്ച്.ഒക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Two police officers got suspended after POCSO case convict escaped

We use cookies to give you the best possible experience. Learn more