വടകര കസ്റ്റഡി മരണം; എസ്.ഐ അടക്കം രണ്ട് പൊലീസുകാരെ അറസ്റ്റ് അറസ്റ്റ് ചെയ്തു
Kerala News
വടകര കസ്റ്റഡി മരണം; എസ്.ഐ അടക്കം രണ്ട് പൊലീസുകാരെ അറസ്റ്റ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 10:09 am

കോഴിക്കോട്: വടകര കസ്റ്റഡി മരണ കേസില്‍ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. വടകര കല്ലേരി താഴേകോലത്ത് പൊന്‍മേരി പറമ്പില്‍ സജീവന്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തില്‍ വടകര സ്റ്റേഷന്‍ എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞ ദിവസം രാത്രി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

എന്നാല്‍ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോഴിക്കോട് സെഷന്‍സ് കോടതിയായിരുന്നു ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നത്.

ഇരുവര്‍ക്കുമെതിരെ നേരത്തെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. നിലവില്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല.

സംഭവത്തില്‍ നേരത്തെ തന്നെ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വടകര സ്റ്റേഷനിലെ 60 പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. എസ്.എച്ച്.ഒ അടക്കമുള്ളവരെയായിരുന്നു റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി സ്ഥലം മാറ്റിയത്.

ജൂലൈയിലായിരുന്നു സംഭവം. പൊലീസ് കസ്റ്റഡിയിലിരിക്കെ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണിരുന്നു. വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

രാത്രിയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് സജീവനെയും സുഹൃത്തിനെയും വടകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചതിന്റെ പേരില്‍ രോഗിയാണെന്ന് പറഞ്ഞിട്ടും സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും സ്റ്റേഷന് പുറത്ത് കുഴഞ്ഞുവീണിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

നെഞ്ച് വേദനിക്കുന്നു എന്ന് സ്‌റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഗ്യാസിന്റെ പ്രശ്‌നം വല്ലതുമായിരിക്കും എന്ന് പറഞ്ഞ് പൊലീസ് നിസാരവല്‍ക്കരിക്കുകയായിരുന്നെന്നുമാണ് സജീവന്റെ സുഹൃത്തുക്കള്‍ ആരോപിച്ചത്.

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു സജീവനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസ് വാദം.

Content Highlight: Two police officers arrested by Crime Branch in Vadakara Custody death case of Sajeevan