കാസര്‍ഗോഡ് കറന്തക്കാട് വെച്ച് മുസ്‌ലിം യുവാക്കളെ പേര് ചോദിച്ച് രണ്ടംഗ സംഘം ആക്രമിച്ചു
Kerala News
കാസര്‍ഗോഡ് കറന്തക്കാട് വെച്ച് മുസ്‌ലിം യുവാക്കളെ പേര് ചോദിച്ച് രണ്ടംഗ സംഘം ആക്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 10:22 pm

കാസര്‍ഗോഡ്: മംഗലാപുരത്തേയ്ക്ക് കാറില്‍ പോകുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. ആര്‍.എസ്.എസ് മേഖലയായ കറന്തക്കാട് വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് സംഭവം.

കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്റഫിന്റെ മകന്‍ സി.എച്ച് ഫായിസ്, സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുഖത്ത് പരിക്കേറ്റ ഫായിസ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.

ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. യാത്രക്കിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു.

ഈ സമയം കാറിനടുത്തിയ രണ്ടംഗ സംഘം കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിക്കുകയും ഈ സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

അക്രമിസംഘത്തിന്റെ കൈയ്യില്‍ നിന്നും കുതറിയോടിയ യുവാക്കള്‍ അതുവഴി വന്ന മറ്റു യാത്രക്കാരോട് സഹായം ചോദിക്കുകയായിരുന്നു എന്നും ഇതോടെ അക്രമി സംഘം കടന്നുകളഞ്ഞെന്നും പരാതിയിലുണ്ട്.