ലതാനായരെ ഒളിപ്പിച്ചവര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവ്
Kerala
ലതാനായരെ ഒളിപ്പിച്ചവര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2012, 9:39 am

തിരുവനന്തപുരം : കിളിരൂര്‍ കേസിലെ നാലാം പ്രതി ലതാനായരെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പേര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം സ്വദേശിയായ കളക്ടര്‍ ലത്തീഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ ലത്തീഫ് (55), കോട്ടയം തിരുവാര്‍പ്പ് സ്വദേശി ദേവദാസ് (58) എന്നിവര്‍ക്കെതിരെയാണ് വിധി. സി.ബി.ഐ കോടതി ജഡ്ജി ടി.എസ്.പി മൂസത് ആണ് ശിക്ഷ വിധിച്ചത്.

ഇവര്‍ കുറ്റക്കാരെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ലതാനായരെ 2004 ഒക്ടോബര്‍ 8 മുതല്‍ 12 വരെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചുവെന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. കേസില്‍ ആകെ 12 സാക്ഷികളുണ്ടായിരുന്നു. ഇതില്‍ 9 പേരെ വിസ്തരിച്ചു.

മൂന്ന് സ്വതന്ത്ര സാക്ഷികളും മറ്റുള്ളവര്‍ അന്വേഷണ സംഘാംഗങ്ങളുമായിരുന്നു. മൂന്ന് സ്വതന്ത്ര സാക്ഷികളില്‍ പ്രതി ലത്തീഫിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ട് പേര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. ഒരു സാക്ഷി മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. ചെന്നിത്തല സച്ചിന്മയി ദേവീ ആശ്രമത്തിലെ നടത്തിപ്പുകാരിലൊരാളായ പ്രകാശിന്റെ സാക്ഷിമൊഴിയാണ് പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവായത്.

ലത്തീഫും ദേവദാസും സുഹൃത്തുക്കളാണെന്നും ലത്തീഫ് മുന്‍ വൈദ്യുതി വകുപ്പു മന്ത്രി കടവൂര്‍ ശിവദാസന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഒരാളോടൊപ്പം മാതാ സച്ചിന്‍മയി ആശ്രമത്തില്‍ വരാറുണ്ടായിരുന്നെന്നുമായിരുന്നു പ്രകാശിന്റെ മൊഴി. ഒക്ടോബര്‍ 10ന് ലത്തീഫ് ലതാനായരുമായി ആശ്രമത്തില്‍ എത്തിയിരുന്നതായി മൊഴിയില്‍ പറുന്നു. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഡോ.കെ.പി സതീശന്‍ ഹാജരായി.

അതിനിടെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിച്ചു.

Malayalam news

Kerala news in English