ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍
national news
ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 5:24 pm

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചതായും ഏഴ് പേരെ ഗുരുതരാവസ്ഥയിലുമെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് നഗരത്തിലെ നരോല്‍ വ്യവസായ മേഖലയിലെ ദേവി സിന്തറ്റിക്‌സിലാണ് സംഭവം.

തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരണപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചത്.

ഫാക്ടറിയില്‍ നിന്ന് ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒമ്പത് തൊഴിലാളികള്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവി മോഹന്‍ സൈനി പറഞ്ഞു.

രാവിലെ 10.30യോടെ പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്നും പിന്നാലെ ഇവരെ എല്‍.ജി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഏഴ് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ നാല് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രിന്റിങ്ങ്, ഡൈയിങ്ങ് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നത് സമീപത്തുള്ള തൊഴിലാളികളെ ബാധിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പൊലീസ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും കാരണം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫാക്ടറിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ, വ്യാവസായിക സുരക്ഷ, എന്‍.ഒ.സി നട
പടിക്രമങ്ങള്‍ എന്നിവ പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Content Highlight: Two people died after inhaling poisonous gas in Gujarat; Seven people are in critical condition