| Thursday, 11th April 2019, 10:26 pm

വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി നാസിര്‍ അലി, ആറ്റിങ്ങല്‍ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്. വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പിടിയിലായവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഇടപ്പള്ളി എ.കെ.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്‌ലയിങ് ജെറ്റ് സ്ട്രീം ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പു നടത്തിയിരുന്നത്.

വിമാനത്താവളങ്ങളില്‍ ഡ്രൈവര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്റ്റാഫ്, സ്വീപ്പര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ജോലി വാഗ്ദാനം നല്‍കിയിരുന്നത്. ഏതാനും ഉദ്യോഗാര്‍ഥികള്‍ക്ക് വിമാനത്താവളങ്ങളില്‍ ജോലി സംഘടിപ്പിച്ചു നല്‍കുകയും പിന്നീട് അതിന്റെ മറവിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. പണം നല്‍കി 21ാം ദിവസം ജോലി എന്നായിരുന്നു വാഗ്ദാനം.

അതേസമയം, ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതിയുമായി എതാനും ചിലര്‍ എത്തിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. സ്ഥാപനത്തിനും മനോജിനും എതിരെ തൃക്കാക്കര സ്റ്റേഷനിലും തിരുവനന്തപുരത്തും പരാതികള്‍ ലഭിച്ചിരുന്നു.

തൃക്കാക്കര സ്റ്റേഷനില്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പണം തിരികെ നല്‍കാമെന്നു കാണിച്ച് പൊലീസ് സാന്നിധ്യത്തില്‍ കരാറുണ്ടാക്കിയെങ്കിലും നല്‍കിയില്ല. മാത്രമല്ല, മനോജ് ഒളിവില്‍ പോകുകയും ചെയ്തു.

അതേസമയം, തട്ടിപ്പു സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നു വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെയാണ് ഈ സ്ഥാപനം മൂന്നു മാസത്തോളം പ്രവര്‍ത്തിച്ചത്.

ഉദ്യോഗാര്‍ഥികളില്‍ നിന്ന് 30,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് പ്രതികള്‍ വാങ്ങിയിരുന്നത്. കൊല്ലം, തിരുവനന്തപുരം എറണാകുളം, കോഴിക്കോട്, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ഒട്ടേറെ പേരില്‍നിന്ന് ഇവര്‍ പണം തട്ടിയെടുത്തതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

We use cookies to give you the best possible experience. Learn more