| Friday, 29th September 2023, 10:32 am

കോഴിക്കോട് നിപ ബാധിച്ച 2 പേർക്ക് രോഗമുക്തി; ഇന്ന് ആശുപത്രി വിട്ടേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ രോഗമുക്തരായതോടെ നിപ ഭീതി ഒഴിയുന്നു. നേരത്തെ നിപ ബാധിച്ചു മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ ഒമ്പത് വയസുകാരനായ മകനും ഭാര്യാസഹോദരനുമാണ് കഴിഞ്ഞ ദിവസം വന്ന നിപ പരിശോധനാഫലത്തിൽ നെഗറ്റീവ് ആയത്. ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സൂചന.

ആശുപത്രി വിട്ടാൽ ഇരുവരും ഹോം ക്വാറന്റൈനിൽ തുടരണം. നേരത്തെ ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. തുടർന്ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് കോഴിക്കോട് ജില്ല സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വാർത്ത.

മുമ്പ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു ഒമ്പത് വയസുകാരൻ. ശ്വാസ തടസവും അപസ്മാരവും ഉണ്ടായിരുന്ന കുട്ടിയുടെ തലച്ചോറിനെ ബാധിച്ചു തുടങ്ങിയെങ്കിലും പിന്നീട് ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയായിരുന്നു.

ഓഗസ്റ്റ് 30ന് പനി ലക്ഷണങ്ങൾ രൂക്ഷമായതോടെ മുഹമ്മദലി മരണപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങളെയും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് നിപയാണോ എന്ന് ഡോക്ടർമാർ സംശയിച്ചു. തുടർന്ന് ഇരുവർക്കും നിപ സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight: Two patients including 9 year old recovered from Nipah in Kozhikode

Latest Stories

We use cookies to give you the best possible experience. Learn more