| Monday, 30th December 2024, 2:33 pm

മലപ്പുറത്ത് ആംബുലൻസുകൾ ബ്ലോക്കിൽ കുടുങ്ങി രണ്ട് രോഗികൾ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ആംബുലൻസുകൾ ബ്ലോക്കിൽ കുടുങ്ങി രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. മലപ്പുറം കാക്കഞ്ചേരിയിലാണ് സംഭവം. എടരിക്കോട്, വള്ളിക്കുന്ന് എന്നീ സ്വദേശികളായ രോഗികളാണ് മരിച്ചത്. ശനിയാഴ്ചയാണ് രാത്രിയാണ് ദാരുണമായ സംഭവം.

ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടർന്നാണ് ആംബുലസുകൾ ബ്ലോക്കിൽ കുടുങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കോട്ടക്കൽ മിംസിൽ ചികിത്സയിലായിരുന്ന സുലേഖയും ചേളാരി സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷജിൽ കുമാറുമാണ് മരിച്ചത്.

ഇവരെ യഥാക്രമം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് റഫർ ചെയ്തിരുന്നത്. തുടർന്ന് രോഗികളെ കോഴിക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസുകൾ ബ്ലോക്കിൽ കുരുങ്ങിയത്.

കാക്കഞ്ചേരിയിൽ 20 മിനിട്ട് സമയത്തോളം ആംബുലൻസുകൾ ബ്ലോക്കിൽ കുടുങ്ങിയിരുന്നു. പിന്നാലെ ഫാറൂഖ് ചുങ്കത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആംബുലൻസിന്റെ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ബ്ലോക്കിൽ കുരുങ്ങിയ മറ്റ് യാത്രക്കാർ ഉൾപ്പെടെ ആംബുലൻസുകളെ കയറ്റിവിടാൻ ശ്രമിക്കുണ്ടെങ്കിലും പരാജയപ്പെടുന്നതായി കാണാം.

ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മറ്റ് വഴി തേടാമായിരുന്നെന്ന് ആംബുലൻസ് ഡ്രൈവർ പ്രതികരിച്ചു.

Content Highlight: Two patients died after the ambulances got stuck in the block

We use cookies to give you the best possible experience. Learn more