ചെങ്ങന്നൂര്‍: സംസ്ഥാനത്ത് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ പാസ്റ്റര്‍മാര്‍ അറസ്റ്റില്‍. ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ. ജെയിംസ്, പാസ്റ്റര്‍ പി.എം തോമസ് എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അധികൃതരുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് വിവാഹം നടത്തിയതെന്നും വിവാഹക്കാര്യം വിശ്വാസികളില്‍നിന്നുപോലും മറച്ചുവെച്ചെന്നുമാണ് വിവരം. ആള്‍ക്കൂട്ടം കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ സര്‍ക്കിള്‍ സ്ഥലത്തെത്തി പാസ്റ്റര്‍മാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് ഇന്ന് പുതുതായി 14 പേര്‍ക്ക് കൂടി കെവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തില്‍ ചികിത്സയിലുള്ളവരുടെ ആകെ ആളുകള്‍ 105 പേരായി.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ട്. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍ഗോഡ് നിന്നും 2 പേര്‍ കോഴിക്കോടും ഉള്ളവരാണ്. 8 പേര്‍ ദുബായില്‍ നിന്ന് എത്തിയവരും, ഒരാള്‍ യു.കെയിയില്‍ നിന്നും 3 പേര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്.
കേരളത്തില്‍ നിലവില്‍ 72460 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലുമാണ്. ഇന്നുമാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.