[]ന്യൂദല്‍ഹി: റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഏതാനും മീറ്ററുകള്‍ നടത്തിയതിന് രണ്ട് റെയില്‍വേ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ലക്‌നൗ റയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
മന്ത്രി സഞ്ചരിച്ചിരുന്ന കോച്ച് വി.ഐ.പി ലോഞ്ചിന് നേരേ മുമ്പിലായി നിര്‍ത്താതിരുന്നതിനാലാണ് അദ്ദേഹത്തിന് നടക്കേണ്ടി വന്നത്.
ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ആരോപിച്ചാണ് സ്വപ്‌നില്‍ ഗാര്‍ഗ്, എ.കെ. മല്‍ എന്നിവരെ ലക്‌നൗ റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തത്.
പ്രോട്ടാക്കോള്‍ ലംഘനമാണെങ്കില്‍ പോലും അതിന് ഇത്ര കടുത്ത ശിക്ഷ ആവശ്യമില്ലെന്ന് വിലയിരുത്തപ്പെടുന്നു. മന്ത്രിയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
“ഒരു വി.ഐ.പിയ്ക്ക് വഴിയൊരുക്കാനായി സ്റ്റേഷന്‍ ആകെ നിയന്ത്രണവിധേയമാക്കുകയും ട്രാഫിക് ക്രമീകരിക്കേണ്ടതുമുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത് സാധിക്കില്ല” ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെയുണ്ടായ ഈ സസ്‌പെന്‍ഷനില്‍ ഖാര്‍ഗെയ്ക്ക് പങ്കുണ്ടോ അതോ മന്ത്രിയുടെ മുമ്പില്‍ മതിപ്പുളവാക്കാനും സ്വന്തം ഭാഗം ന്യായീകരിക്കാനുമായി
ഏതെങ്കിലും ഉദ്യോഗസ്ഥനെടുത്ത തീരുമാനമാണോ ഇതെന്ന് വ്യക്തമായിട്ടില്ല.
താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വഴി വാക്കാലാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
ഇതിനെതിരെ റെയില്‍വെ ഉദ്യോഗസ്ഥരുടെ ഇടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മികച്ച സര്‍വീസ് റെക്കോര്‍ഡുകളുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ ഫെഡറേഷന്‍ ഓഫ് റെയില്‍വെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്വപ്‌നില്‍ ഗാര്‍ഗിന് റെയില്‍വേ മന്ത്രിയുടെ പക്കല്‍ നിന്നും അവാര്‍ഡ് ലഭിച്ചത്. എ. കെ. മല്ലിനും മികച്ച സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഈ തീരുമാനത്തിലൂടെ അധികാര ദുര്‍വിനിയോഗമാണ് നടന്നിരിക്കുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. “ജനാധിപത്യരാജ്യത്തിലുണ്ടാകുന്ന ഇത്തരം നടപടികള്‍ ഏകാധിപത്യപ്രവണതകളെയാണ് കാണിക്കുന്നത്.” അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നു.
ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ഖാര്‍ഗെയുടെ അനുമതിയോട് കൂടെയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കത്ത് ആവശ്യപ്പെടുന്നു.
“ഇത്തരമൊരു സസ്‌പെന്‍ഷന്‍ വാക്കാല്‍ നല്‍കുന്നത് തന്നെ അധികാരദുര്‍വിനിയോഗത്തിന്റെ പ്രത്യക്ഷമായ തെളിവാണ്. ” അസോസിയേഷന്‍ പറയുന്നു.
റെയില്‍വെയില്‍ വാക്കാല്‍ കൈമാറുന്ന കണ്‍ട്രോള്‍ ഓര്‍ഡറുകളും ഔദ്യോഗികരേഖകളുടെ ഭാഗമാണ്.